ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും മയക്കുമരുന്ന് കച്ചവടം: മലയാളി ദമ്പതികൾ വീണ്ടും അറസ്റ്റിൽ

ബംഗളൂരു: ഏഴുകോടിയുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലിൽ കിടന്ന ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ ജാമ്യം നേടിയ ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തി പിടിയിലായി. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരെയാണ് ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. 2022 മാർച്ചിൽ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ അറസ്റ്റിലായിരുന്നു.

ജാമ്യം നേടി പുറത്തിറങ്ങിയശേഷവും ഇവർ മയക്കുമരുന്ന്തു കച്ചവടം തുടർന്നതായി പൊലീസ് പറഞ്ഞു. നോർത്ത് ബംഗളൂരുവിലെ കോതനൂരിൽ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു സിഗിൽ വർഗീസും വിഷ്ണു പ്രിയയും. പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇവർ തിങ്കളാഴ്ച അറസ്റ്റിലായത്. മാർച്ചിൽ ഇവർക്കൊപ്പം വിക്രം എന്ന സഹായിയെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും ചേർന്ന് കോളജ് വിദ്യാർഥികൾക്കാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ബി.ടി.എം ലേഔട്ടിൽ നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചത്. ഇയാൾ നൽകിയ മൊഴിയെത്തുടർന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.

ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നിച്ച്‌ പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചു വരുകയായിരുന്നു. 2020 മുതലാണ് ഇവർ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →