തലശേരി: പ്രണയാഭ്യര്‍ത്ഥന തള്ളിയതിനെത്തുടര്‍ന്ന് വീട്ടില്‍ കയറി 19 വയസുള്ള പെണ്‍കുട്ടിയെയും അമ്മയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് തള്ളി. പുന്നോല്‍ ചെറുകല്ലായിയിലെ ജിനീഷ് ബാബുവിന്റെ (24) ജാമ്യാപേക്ഷയാണു കോടതി തള്ളിയത്.
പ്രണയനൈരാശ്യം കാരണം പെണ്‍കുട്ടികളെ ആക്രമിക്കുന്ന പ്രവണത കൂടിവരികയാണെന്നും അതിനാല്‍ പ്രതിക്കു ജാമ്യം നല്‍കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത്ത്കുമാര്‍ വാദിച്ചു. ഭ്രാന്തമായ പ്രണയത്തിന്റെ ഉദാഹരണമാണു സംഭവമെന്നും പറഞ്ഞു.
ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2022 ഒക്‌ടോബര്‍ 12-നു രാത്രി 7.30-നാണ് കേസിനാസ്പദമായ സംഭവം. കത്തിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ആദ്യം അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ശേഷം മകളെയും വെട്ടുകയായിരുന്നു. അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി കത്തിയുമായി ഓടിപ്പോയി. ആക്രമണത്തില്‍ അമ്മയ്ക്കു വയറിനും പെണ്‍കുട്ടിക്ക് പുറത്തുമാണ് പരുക്കേറ്റത്.
പെണ്‍കുട്ടിയുമായുള്ള സ്‌നേഹബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഒക്‌ടോബര്‍ 14-ന് അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

