പീഡനം മേയ് മുതല്‍ ഓഗസ്റ്റ്‌ വരെ കാലയളവിലെന്ന് മൊഴി

കാക്കനാട്: കഴിഞ്ഞ മേയ് മാസത്തിനും ഓഗസ്റ്റിനും ഇടയിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന നിഗമനത്തിലാണു പോലീസെങ്കിലും പീഡനം നടന്നതിന്റെ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

തൃക്കാക്കരയില വാടകവീടിന്റെ രണ്ടാംനിലയിലുള്ള മുറിയില്‍ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.ഇവരുടെ വീട്ടുവേലക്കാരിയായ വിജയലക്ഷ്മിയാണ് സുനു അടക്കമുള്ളവരെ വാടകവീട്ടില്‍ എത്തിച്ചത്. അതേസമയം പരാതിയില്‍ പീഡനം നടന്ന ദിവസവും സമയവും കൃത്യമായി പറയുന്നില്ല. മൊഴിയെടുത്തപ്പോഴും ഇതു വ്യക്തമാക്കാന്‍ യുവതിക്കു കഴിയാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.

സുനു ഉള്‍പ്പെടെ അഞ്ചു പ്രതികളെയും ചോദ്യം ചെയ്‌തെങ്കിലും എല്ലാവരും ആരോപണം നിഷേധിച്ചു.ഇവരെ പരാതിയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു തെളിവും ലഭിച്ചിട്ടുമില്ല. ചോദ്യം ചെയ്തശേഷം എല്ലാവരെയും വിട്ടയച്ച പോലീസ് യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Share
അഭിപ്രായം എഴുതാം