മാനന്തവാടി: ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് മണ്ഡലത്തില്‍ നിര്‍മിക്കുന്ന റോഡുകളെല്ലാം ഉന്നതനിലവാരത്തിലാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍ ഗുണനിലവാരമില്ലാത്ത നിര്‍മിതിയെന്ന് ആക്ഷേപം.
റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി 135 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മാനന്തവാടി-കുളത്താട-പേര്യ റോഡിന്റെയും അവസ്ഥയും സമാനം. തുടക്കത്തില്‍ 12 മീറ്ററും പിന്നീട് 10 മീറ്ററുമാണ് റോഡിന്റെ വീതി നിശ്ചയിച്ചത്. 27.5 കി.മീ റോഡില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ പണിനടത്തി ഏറ്റവും പ്രധാന്യമുള്ളതും വീതി ആവശ്യമുള്ളതുമായ മാനന്തവാടി ടൗണിനോടടുത്തെത്തിയപ്പോള്‍ വീതി നേരത്തെയുണ്ടായിരുന്നതിലും കുറഞ്ഞു.
സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ചിട്ടും ഏറ്റെടുക്കാതെ തിടുക്കത്തില്‍ ഏഴര മീറ്ററില്‍ പണിപൂര്‍ത്തിയാക്കാനാണ് കരാറേറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിച്ചതെന്നാണ് ആരോപണം. വിഷയത്തില്‍ രാഷ്ട്രീയ നേതൃത്വം കണ്ണടച്ചപ്പോള്‍ നാട്ടുകാര്‍ മാനന്തവാടി ഡവലപ്പ്‌മെന്റ് മൂവ്‌മെന്റിന്റെ കീഴില്‍ സംഘടിച്ച് തുടര്‍പ്രവൃത്തി നിര്‍ത്തിവയ്പ്പിച്ചു.
2018ല്‍ പ്രവൃത്തി ആരംഭിച്ച മാനന്തവാടി-കൊയിലേരി റോഡിന്റെ പ്രവൃത്തിയും വിഭിന്നമല്ല. കരാറുകാരന്റെ അനാസ്ഥയും സ്ഥലം വിട്ടുകിട്ടാത്തും കാരണം നാലുവര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെന്ന് മാത്രമല്ല നടത്തിയ പ്രവൃത്തികളില്‍ വ്യാപകമായി പരാതിയും നിലനില്‍ക്കുന്നു. വള്ളിയൂര്‍ക്കാവിനടുത്ത് 100 മീറ്റര്‍ സ്ഥലം സ്വകാര്യ വ്യക്തി വിട്ടുനല്‍കാത്തതിനെത്തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്.
ഗുണനിലവാരം തീരെയില്ലാതെയും മതിയായ ഉദ്യോഗസ്ഥമേല്‍നോട്ടമില്ലാതെയും നടത്തിയ പ്രവൃത്തികളുടെ ഫലം എത്രത്തോളമെന്ന് കണ്ടറിയാനിരിക്കുനനതേയുള്ളു. മാനന്തവാടി ടൗണില്‍ തന്നെ ഈയടുത്ത് കാലത്തായി നടത്തിയ സെന്റ് ജോസഫ്‌സ് റോഡ് നവീകരണവും, കെ.ടി. ജംഗ്ഷന്‍-താഴയങ്ങാടി റോഡ് നിര്‍മാണങ്ങളും നേരത്തെയുണ്ടായിരുന്നതില്‍നിന്നു കാര്യമായ യാതൊരു മാറ്റവുമില്ലാതെയാണു കോടികള്‍ മുടക്കി പൂര്‍ത്തീകരിച്ചിരിക്കുന്നത്. നഗരസഭ തയാറാക്കിയ പുതിയ മാസ്റ്റര്‍ പ്ലാനില്‍ റോഡുകളുടെ വീതി 15 മീറ്ററാക്കുമെന്ന് കാണാമെങ്കിലും പ്രവൃത്തികളില്‍ കാണാനില്ല.
മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാല് വരിപ്പാത അട്ടിമറിച്ച് മലയോര ഹൈവേയായി 106 കോടിരൂപ ചെലവില്‍ നിര്‍മാണം തുടങ്ങിയ ബോയ്‌സ്ടൗണ്‍-മാനന്തവാടി-പച്ചലക്കാട്-വാളാട്-കുങ്കിച്ചിറ റോഡിന്റെ കാര്യത്തിലും വിവാദങ്ങളുയര്‍ന്നിട്ടുണ്ട്. റോഡിലെ പ്രധാനവളവുകള്‍ പോലും നിവര്‍ത്താന്‍ ശ്രമിക്കാതെയാണ് പ്രവൃത്തി നടത്തുന്നതെന്ന പരാതിയാണ് നിലവിലുയര്‍ന്നത്. മുന്‍കാലങ്ങളിലൊന്നുമില്ലാത്ത വിധം റോഡ് വികസനമാണ് കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി നിയോജകമണ്ഡലത്തില്‍ നടന്നുവരുന്നതെങ്കിലും കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും നിസ്സംഗതയും അനാസ്ഥയും കാരണം ഇതില്‍ പലതിലും ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവെക്കുന്നതിനപ്പുറം വികസനം നടക്കുന്നില്ലെന്നാണ് പരാതികളുയരുന്നത്.