ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. പാകിസ്താനില്‍ നിന്ന് ഡ്രോണില്‍ എത്തിച്ചതെന്ന് സംശയിക്കുന്ന രണ്ട് ഇംപ്രൊെവെസ്ഡ് സ്‌ഫോടകവസ്തുക്കള്‍(ഐ.ഇ.ഡി) സുരക്ഷാസേന നിര്‍വീര്യമാക്കി.
14/11/2022 തിങ്കളാഴ്ച വൈകിട്ട് ജമ്മു ജില്ലയിലെ ഫാലിയാന്‍ മണ്ഡല്‍ അതിര്‍ത്തി മേഖലയിലുള്ള പോലീസ് പോസ്റ്റിനു സമീപത്താണു ടൈമര്‍ ഘടിപ്പിച്ച ഐ.ഇ.ഡികളും നാലു ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. പാക് ഡ്രോണുകളാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചതെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജമ്മു എസ്.എസ്.പി: ചന്ദന്‍ കോഹ്‌ലി പറഞ്ഞു. ഇന്നലെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഐ.ഇ.ഡികള്‍ നശിപ്പിച്ചു.
വഴിയരികില്‍ സംശയാസ്പദമായ രീതിയില്‍ ബാഗ് കിടക്കുന്നത് ആദ്യം കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ രാജ്യാന്തര അതിര്‍ത്തിയോടു ചേര്‍ന്ന സ്ഥലമാണ് ഫാലിയാന്‍ മണ്ഡല്‍.

