ന്യൂഡല്‍ഹി: ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജും മറ്റു തെളിവുകളും പരിശോധിക്കാന്‍ സി.ബി.ഐ. ഫോറന്‍സിക് സംഘം ഡല്‍ഹി മെറൗളി പോലീസ് സ്‌റ്റേഷനിലെത്തി.
യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞെന്നു പറയുന്ന വനമേഖലയില്‍ പ്രതി അഫ്താബുമായി ഡല്‍ഹി പോലീസ് തെളിവെടുപ്പ് നടത്തി. മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 10 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.ഒന്നിച്ചു ജീവിച്ചിരുന്ന ശ്രദ്ധ വാക്കറെ (26) കൊലപ്പെടുത്തിയ അഫ്താബ് അമീന്‍ പുനെവാല(28) മൃതദേഹം 35 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് പല ദിവസങ്ങളിലായി 18 ഇടത്ത് ഉപേക്ഷിക്കുകയും ചെയ്‌തെന്നാണു പോലീസിന്റെ കണ്ടെത്തല്‍. മേയ് 18 ന് ആയിരുന്നു കൊലപാതകം.
പ്രതിക്കു വധശിക്ഷ നല്‍കണമെന്നും സംഭവത്തിനു പിന്നില്‍ ലവ് ജിഹാദ് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍ ആവശ്യപ്പെട്ടു. മുംബൈയില്‍ ജോലി ചെയ്യവേ ബംബിള്‍ എന്ന ഡേറ്റിങ് ആപ്പ് വഴിയാണ് ശ്രദ്ധയും അഫ്താബും തമ്മില്‍ കാണുന്നത്.
ശ്രദ്ധയുടെ മൃതദേഹഭാഗങ്ങള്‍ ഫ്രിഡ്ജില്‍വച്ചിരിക്കുമ്പോള്‍ തന്നെ അഫ്താബ് കൂടുതല്‍ സ്ത്രീകളെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചിരുന്നോ എന്നറിയാന്‍ പോലീസ് അപ്പില്‍നിന്ന് അഫ്താബിന്റെ പ്രൊഫൈല്‍ വിശദാംശങ്ങള്‍ തേടിയേക്കും. ഈ സ്ത്രീകളില്‍ ആരെങ്കിലും കൊലയ്ക്കു പ്രേരണ ആയോയെന്നും അന്വേഷിക്കും.
ശ്രദ്ധ വിവാഹത്തിനു നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണു സൂചന. മേയ് 18 ന് പ്രതി യുവതിയുടെ നെഞ്ചില്‍ കയറി ഇരുന്നശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം വെട്ടിനുറുക്കിയ മുറിയില്‍തന്നെയാണ് അഫ്താബ് കിടന്നിരുന്നത്. മൃതദേഹം മുറിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങിയ കടയില്‍ അഫ്താബുമായി പോലീസ് തെളിവെടുപ്പ് നടത്തി.