ബലാത്സംഗക്കേസിലെ ആരോപണം പോലെ വ്യാജ ആരോപണവും ഗുരുതരം: ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിലെ ആരോപണം പോലെതന്നെ ഗുരുതരമാണ് വ്യാജ ആരോപണങ്ങളെന്നു ഹൈക്കോടതി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരേയുള്ള ലൈംഗികാരോപണക്കേസ് പരിഗണിക്കവേയാണു വ്യാജപ്പരാതികള്‍ ഗുരുതരമാണെന്നു വാക്കാല്‍ പരാമര്‍ശിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ പരാതിക്കാരിയുമായുണ്ടായതെന്നു പരിശോധിക്കണമെന്നു കോടതി വ്യക്തമാക്കി.

പീഡനക്കേസില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും സമര്‍പ്പിച്ച ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ആദ്യപരാതിയില്‍ ലൈംഗികപീഡന പരാമള്‍ശമുണ്ടോയെന്ന് കോടതി ചോദിച്ചു. അങ്ങനെ പരാമര്‍ശമില്ലെന്നു പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ആദ്യപരാതിയില്‍ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നു മനസിലാകുമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

പരാതിക്കാരിയെ കോവളത്തെ ആത്മഹത്യാമുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നെന്നു കോടതി പറഞ്ഞു. എന്നാല്‍ കഥയല്ലെന്നും യഥാര്‍ഥമായി സംഭവിച്ച കാര്യങ്ങളാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.എല്‍ദോസ് കുന്നപ്പിള്ളിക്കായി ഹാജരായ അഭിഭാഷകര്‍ക്കെതിരേയുള്ള പോലിസ് നടപടികള്‍ കോടതി തടഞ്ഞു. വഞ്ചിയൂര്‍ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് കുന്നപ്പള്ളിയുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്.

എല്‍ദോസ് കുന്നപ്പിള്ളിക്കു നിയമസഹായം നല്‍കുന്നതില്‍നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസെടുത്തിരിക്കുന്നതെന്ന വാദം അഭിഭാഷകര്‍ ഉന്നയിച്ചു. കേസില്‍ പ്രതിയായ എം.എല്‍.എ. സമൂഹത്തിനു മാതൃകയാകേണ്ട വ്യക്തിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോവളം എസ്.ഐ. ശ്രമിച്ചതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →