മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന സൂചനയുമായി ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അടുത്ത വര്‍ഷത്തെ ആഷസ് പരമ്പരയോടെ വിരമിക്കാനാണ് വാര്‍ണര്‍ ആലോചിക്കുന്നത്. ഏകദിന, ട്വന്റി20 കളില്‍ തുടര്‍ന്നും കളിക്കും.
ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. അടുത്ത ഏകദിന, ട്വന്റി20 ലോകകപ്പുകള്‍ വരെ കളിക്കുകയാണു ലക്ഷ്യമെന്നും വാര്‍ണര്‍ പറഞ്ഞു. 36 വയസുകാരനായ വാര്‍ണര്‍ 96 ടെസ്റ്റുകള്‍ കളിച്ചു. 2011 ലാണ് അരങ്ങേറിയത്. 46.52 ശരാശരിയില്‍ 24 സെഞ്ചുറികളും 34 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 7817 റണ്ണെടുത്തു. 138 ഏകദിനങ്ങളിലായി 5799 റണ്ണും (44.60 ശരാശരിയില്‍) 99 ട്വന്റി20 കളിലായി 2894 റണ്ണും (32.88 ശരാശരിയില്‍) എടുത്തു. ഓസീസിന്റെ 2023 സീസണിലെ ടെസ്റ്റ് മത്സര ക്രമത്തില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും (ഫെബ്രുവരി/മാര്‍ച്ച്) ആഷസ് പരമ്പരയുമാണ് (ജൂണ്‍/ജൂലൈ) പ്രധാനം. അടുത്ത വര്‍ഷം ഇന്ത്യയിലാണ് ഏകദിന ലോകകപ്പ്.

