ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നു സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 22 നു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ജസ്റ്റിസുമാരായ എം.ആര്. ഷാ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്കി.
നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്നു വിധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അശ്വനി ഉപാധ്യായ നല്കിയ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. കേസ് 28 നു വീണ്ടും പരിഗണിക്കും.
” മതം മാറാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനുള്ള അവകാശം ആര്‍ക്കും നല്‍കുന്നില്ല. നിര്‍ബന്ധിത പരിവര്‍ത്തനം നടക്കുന്നു എന്നതു ശരിയാണെങ്കില്‍ അത് ആത്യന്തികമായി രാജ്യസുരക്ഷയെയും മതവിശ്വാസ സ്വാതന്ത്ര്യത്തെയും വ്യക്തികളുടെ വിവേചനബോധത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണ്. നിര്‍ബന്ധിത പരിവര്‍ത്തനം തടയാന്‍ കേന്ദ്രം ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ പ്രയാസകരമായ സാഹചര്യം രൂപപ്പെടും.”- കോടതി പറഞ്ഞു.
വിഷയത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ സ്വീകരിച്ചതും ഭാവിയില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ വിശദീകരിക്കണം- കോടതി ചൂണ്ടിക്കാട്ടി.
ഗോത്രവര്‍ഗ മേഖലകളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
വാഗ്ദാനങ്ങളും ഭക്ഷ്യസാധനങ്ങളും നല്കി ദുര്‍ബല ജനവിഭാഗങ്ങളെ പ്രീണിപ്പിച്ചാണ് മതപരിവര്‍ത്തനം. മധ്യപ്രദേശിലും ഒഡീഷയിലും ഇതിനെതിരേ നിയമം പോലും പാസാക്കിയിട്ടുണ്ട്- മേത്ത ചൂണ്ടിക്കാട്ടി.

