കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിനെതിരേ ആക്ഷന്‍ കമ്മിറ്റി. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ അനുവദിച്ച തുക വിനിയോഗിച്ച് മാനന്തവാടിയില്‍ മെഡിക്കല്‍ കോളജിനായി കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. ഫിലിപ്പുകുട്ടി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, ട്രഷറര്‍ വി.പി. അബ്ദുല്‍ ഷുക്കൂര്‍, സി.പി. അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2016ല്‍ നബാര്‍ഡ് അനുവദിച്ച തുക വിനിയോഗിച്ച് ജില്ലാ ആശുപത്രി വളപ്പില്‍ നിര്‍മാണം പുരോഗമിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ചിത്രം ഉപയോഗപ്പെടുത്തിയാണ് തല്‍പ്പരകക്ഷികള്‍ കുപ്രചാരണം നടത്തുന്നത്. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതിന്റെ പേരില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. 2018ല്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയശേഷം ജില്ലയ്ക്കു ആകെ ലഭിച്ചത് എട്ടു കോടി രൂപയാണ്. ഹഡ്‌കോയുടെ സി.എസ്.ആര്‍ ഫണ്ടില്‍നിന്നു ജില്ലാ ആശുപത്രിയില്‍ സ്‌കില്‍ ലാബ് നിര്‍മാണത്തിനു 70 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്.
2016 ഫെബ്രുവരി മൂന്നിനു നബാര്‍ഡ് ജില്ലയില്‍ ആരോഗ്യമേഖലയില്‍
വിനിയോഗത്തിനു 75.22 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ ജില്ലാ ആശുപത്രിക്കു നീക്കിവച്ച 38.25 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണം ആരംഭിച്ചത്. ബാക്കി തുകയില്‍ 34.85 കോടി രൂപ ജിനചന്ദ്ര സ്മാരക മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും 2.12 കോടി രൂപ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപകേന്ദ്രത്തിനുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളേജിനും ശ്രീചിത്തിരി ഉപകേന്ദ്രത്തിനും നബാര്‍ഡ് ലഭ്യമാക്കിയ തുക സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയില്ല.
പുതുക്കിയ എസ്റ്റിമേറ്റില്‍ 45 കോടി രൂപ ചെലവില്‍ എട്ടു നില കെട്ടിടമാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി നിര്‍മിക്കുന്നത്. സ്‌റ്റോര്‍, റേഡിയോളജി , വെയിറ്റിംഗ്, എക്‌സേ റേ മുറികളും 292 കിടക്ക സൗകര്യത്തോടെയുള്ള വാര്‍ഡുകളും അടങ്ങുന്നതാണ് കെട്ടിടം. ഇതിന്റെ ചിത്രം പകര്‍ത്തി 70 ശതമാനം കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടം എന്നാണ് വ്യാജ പ്രചാരണം. ജില്ലാ ആശുപത്രി വളപ്പില്‍ കാത്ത് ലാബിനായി നിര്‍മിക്കുന്ന കെട്ടടത്തിന്റെ ചിത്രവും ചിലര്‍ കുപ്രചാരണത്തിനു ഉപയോഗപ്പെടുത്തുന്നുണ്ട്. 2020 ജനുവരി 16നു അന്നത്തെ ആരോഗ്യമന്ത്രി നിര്‍വഹിച്ചതാണ് കാത്ത് ലാബിന്റെ പ്രവൃത്തി ഉദ്ഘാടനം. നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.
ആറു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിക്കു ഫണ്ട് വിനിയോഗിച്ചു പണിയുന്ന കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജിനു കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നുവെന്ന് പ്രചരിപ്പിക്കുന്നതു പരിഹാസ്യമാണ്. നബാര്‍ഡ്, എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍ ചെലവഴിച്ച് അടിസ്ഥാന സൗകര്യം ഒരുക്കിയ ജില്ലാ ആശുപത്രിയെ അങ്ങനെതന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. മെഡിക്കല്‍ കോളേജ് കല്‍പറ്റയ്ക്കടുത്ത് കോട്ടത്തറ വില്ലേജില്‍ സൗജന്യമായി ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വൈകിയാണങ്കിലും യു.ഡി.എഫ് സമരം പ്രഖ്യാപിച്ചതു സ്വാഗതാര്‍ഹമാണെന്നു അവര്‍ പറഞ്ഞു.