സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ 16 ശതകോടി ഡോളര സമ്പത്ത് ഒറ്റയടിക്ക് തകര്‍ന്നടിഞ്ഞു

ന്യൂയോര്‍ക്ക്: എഫ്.ടി.എക്‌സ് മുന്‍ സഹസ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ 16 ശതകോടി ഡോളര്‍(ഏകദേശം 1.28 ലക്ഷം കോടി രൂപ) സമ്പത്ത് ഒറ്റയടിക്ക് തകര്‍ന്നടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകിടംമറിച്ചിലാണിത്. ക്രിപ്‌റ്റോ സാമ്രാജ്യത്തിന്റെ തകര്‍ച്ചയാണ് പാപ്പര്‍ ഹര്‍ജിയില്‍ അവസാനിച്ചത്. ബാങ്ക്മാന്‍ ഫ്രൈഡ് സി.ഇ.ഒ. പദവി രാജിവച്ചു. ജോണ്‍ ജെ. റേ പിന്‍ഗാമിയാകുമെന്നും എഫ്.ടി.എക്‌സ് 11/11/2022 വെള്ളിയാഴ്ച പ്രസ്താവിച്ചു.

ഒരിക്കല്‍ ജോണ്‍ പിയര്‍പോണ്ട് മോര്‍ഗനുമായി ഉപമിച്ചിരുന്ന കമ്പനിയുടെ ആസ്തികളാണു വട്ടപ്പൂജ്യത്തില്‍ എത്തിനില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ ഫ്രൈഡിന്റെ ആസ്തിമൂല്യം 26 ശതകോടിഡോളറാ(ഏകദേശം 2.09 ലക്ഷം കോടി രൂപ) യിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍പോലും ഏകദേശം 16 ശതകോടി ഡോളറായിരുന്നു.

റോബിന്‍ഹുഡ് മാര്‍ക്കറ്റ്‌സിലെ ഫ്രൈഡിന്റെ 50 കോടി ഡോളറിലധികം മൂല്യമുള്ള ഓഹരിയും അദ്ദേഹത്തിന്റെ സമ്പത്തില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. തന്റെ തന്നെ ഉടമസ്ഥതയിലുള്ള അലമേഡ റിസര്‍ച്ച് വഴി സ്വന്തമാക്കിയതാണ് ഈ ഓഹരികളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതും വായ്പകള്‍ക്ക് ഈടായി ഉപയോഗിച്ചിരിക്കാമെന്നാണ് അനുമാനം. എഫ്.ടി.എക്‌സും അലമേഡയും പാപ്പര്‍ ഫയലിംഗിന്റെ ഭാഗമായിരുന്നു.

ബ്ലൂംബെര്‍ഗ് സൂചിക ട്രാക്ക് ചെയ്യാത്ത അസറ്റുകള്‍ ബാങ്ക്മാന്‍ ഫ്രൈഡ് സ്വന്തമാക്കിയിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അലമേഡ കഴിഞ്ഞ വര്‍ഷം ഏകദേശം 100 കോടി ഡോളര്‍ ലാഭം നേടി. എഫ്ടിഎക്‌സ് നൂറുകണക്കിന് ദശലക്ഷങ്ങള്‍ കൂടുതല്‍ നേടി.

സെക്വോയയും മറ്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന ഫണ്ടുകളില്‍ ഫ്രൈഡ് 50 കോടി ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും മീഡിയ സ്റ്റാര്‍ട്ടപ്പ് സെമഫോറിന്റെ നിക്ഷേപകന്‍ കൂടിയാണ് അദ്ദേഹമെന്നും ടെക് ന്യൂസ് വെബ്‌െസെറ്റ് ദ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →