കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവ സുരക്ഷാഭീഷണിയിലെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കണ്ണൂര്‍ സെന്‍ട്രജല്‍ ജയില്‍ നിലവില്‍ സൂപ്രണ്ടില്ല. ജീവനക്കാരും നന്നെ കുറവാണ്. ആവശ്യത്തിന് വാര്‍ഡന്‍മാരില്ലാത്തതിനാല്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ജയിലിനകത്തേക്കുള്ള മയക്കുമരുന്ന് കടത്തുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ജയില്‍ സുരക്ഷയ്ക്കായി ആവശ്യത്തിന് പോലീസുകാരെ വിട്ടുനില്‍ക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തത് ജയില്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. കണ്ണൂര്‍ ജയിലിലെ ജീവനക്കാരില്‍ നാല്‍പതു പേര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആശുപത്രിയില്‍ കഴിയുന്ന തടവുകാരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നാലു തടവുകാരും ജില്ലാ ആശുപത്രിയില്‍ അഞ്ചു തടവുകാരും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. ഒരു തടവുകാരന്റെ സുരക്ഷയ്ക്കായി നാലുജീവനക്കാരെയാണ് ചുമത്തിയിട്ടുള്ളത്. കൂടാതെ ഇരുപതോളം തടവുകാരെ ഓരോദിവസവും ആശുപത്രിയില്‍ കൊണ്ടു പോവുകയും വേണം. ഇതിനുമാത്രം ജീവനക്കാര്‍ സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ജയിലുകളിലൊന്നായ കണ്ണൂരില്‍ ഇല്ലെന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.
ഇതോടൊപ്പമാണ് ജയിലിനകത്തു നിന്നു തടവുകാര്‍ ഏറ്റുമുട്ടുന്നത് പതിവായിരിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അടിയന്തര പ്രാധാന്യമുള്ള സംഗതിയാണെങ്കിലും ഇതിന് ആളില്ലാത്തതാണ് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടലിന് പോലും ഇടയാക്കുന്നത്.
കാപ്പകേസിലെ എഴുപതോളം തടവുകാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. അറിയപ്പെടുന്ന ഗുണ്ടകളും നിരവധി കേസുകളിലെ പ്രതികളുമാണിവര്‍. ഈ സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്നത് നിത്യസംഭവമാണ്. തൃശൂര്‍ ജില്ലയില്‍ നിന്നാണ് കൂടുതല്‍ കാപ്പ, ഗുണ്ടാകേസുകളിലെ പ്രതികളുള്ളത്. ഇവര്‍ രാഷ്ര്ടീയ അക്രമകേസുകളിലെ പ്രതികളുമായി കോര്‍ക്കുന്നതാണ് പ്രശ്‌നമാകുന്നത്. കഴിഞ്ഞ ദിവസം മുടിമുറിക്കുന്നതിലെ തര്‍ക്കത്തെ ചൊല്ലി കാപ്പ തടവുകാരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിനെ തുടര്‍ന്ന് ജയിലില്‍ അസ്വസ്ഥത പുകയുന്നുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലനകത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍സൂപ്രണ്ട് സാജന്‍ സസ്‌പെന്‍ഷനിലാണ്. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ ഇദ്ദേഹത്തിനു പകരം മറ്റൊരാളെ നിയമിക്കാന്‍ ജയില്‍ വകുപ്പ് തയ്യാറായിട്ടില്ല.
കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നും മൊബൈല്‍ ഫോണുകളും തടവുകാര്‍ക്ക് ജയിലിനകത്തു നിന്നും യഥേഷ്ടം ലഭിക്കുന്നതാണ് ജയില്‍ സുരക്ഷയ്ക്കു ഭീഷണിയാകുന്ന സംഗതികളിലൊന്ന്.ഇതു തടയാന്‍ കഴിയുന്നില്ലെന്ന സുരക്ഷാവീഴ്ചയാണ് ഇപ്പോഴും തുടരുന്നത്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചെങ്കിലും ജയിലില്‍ ജീവനക്കാരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സംഘര്‍ഷഭൂമിയാകുമെന്നാണ് സൂചന.