ഖത്തർ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന യുവജനകാര്യാലയം സ്പോർട്സ് കൗൺസിൽ മുഖേന സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ 2022 പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
ഫുട്ബോൾ മാമാങ്കത്തിന്റെ ആരവവും ആവേശവും നമ്മുടെ കേരളവും ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ കുട്ടികൾക്കായി വൺ മില്ല്യൺ ഗോൾ ഫുട്ബോൾ പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫുട്ബോളിനെ നെഞ്ചേറ്റിയ നൈനാംവളപ്പ് ജില്ലാതല ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത് ഉചിതമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലയിലെ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നവംബർ 20 വരെ ഓരോ കേന്ദ്രത്തിലായി 10 നും 12 നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് 1 മണിക്കൂർ വീതം ഫുട്ബോളിൽ പ്രാഥമിക പരിശീലനം നൽകും. സ്പോർട്സ് കൗൺസിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളിൽ ഫുട്ബോൾ സംസ്കാരം വളർത്തിയെടുക്കുന്നതിനും സംസ്ഥാനത്തെ കായിക മേഖലയെ അഭിവൃദ്ധിപ്പെടുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി 6 മാസം പരിശീലനം നൽകും.
ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.ജോയ് ജോൺ, പദ്ധതിയുടെ ജില്ലാ അംബാസഡർ സി കെ ജയചന്ദ്രൻ, നൈനാം വളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ, വാർഡ് കൗൺസിലർ പി മുഹസിന, സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി പി.ടി.അഗസ്തിൻ, സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ.എം.ജോസഫ്, ഇ കോയ, ടി എം അബ്ദുറഹിമാൻ, സി പ്രേമചന്ദ്രൻ, എം എം ദിൽന, ജില്ലാ സ്പോർട്സ് ഓഫീസർ കെ.പി.വിനീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ സ്വാഗതവും സെക്രട്ടറി എസ് സുലൈമാൻ നന്ദിയും പറഞ്ഞു.