തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎൻആർജിഇഎസ്) തൊഴിലാളികൾക്ക് 15 ദിവസത്തിനകം വേതനം കിട്ടിയില്ലെങ്കിൽ ഇനി നഷ്ടപരിഹാരം. 16–ാം ദിനം മുതൽ വേതനത്തിന്റെ 0.05% വീതം ദിവസേന നഷ്ടപരിഹാരമായി നൽകുമെന്ന് തദ്ദേശവകുപ്പ് തയാറാക്കിയ ചട്ടത്തിലുണ്ട്. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ (സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഗാരന്റി ഫണ്ട്) നിന്നാണ് നഷ്ടപരിഹാരം നൽകുക. വേതനം വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കും.
ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ ഉദ്യോഗസ്ഥർ 5 ദിവസത്തിനകം പരിശോധന നടത്തണം. 6 ദിവസത്തിനകം വേതനപ്പട്ടിക തയാറാക്കി, 7 ദിവസത്തിനകം തുക നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
സമയത്തിനു വേതനം നൽകിയാലും വെബ്സൈറ്റിൽ ചേർക്കാൻ സാധിക്കാതെ വരിക, പ്രകൃതിദുരന്ത സാഹചര്യം, ഫണ്ട് ഇല്ലാത്ത സ്ഥിതി തുടങ്ങിയ ഘട്ടങ്ങളിൽ ഒഴികെ നഷ്ടപരിഹാരം ഉറപ്പാക്കും. നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൽക്കാലം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

