മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി. മെല്‍ബണിലും പരിസരങ്ങളിലും 13/11/2022 കനത്ത മഴയുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മീറ്റിരോളജി വ്യക്തമാക്കി.മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കരുതല്‍ ദിവസമായ 14/11/2022 തിങ്കളാഴ്ചയും മഴയുണ്ടാകുമെന്നാണ് സൂചന.
ലോകകപ്പ് നോക്കൗട്ടുകളില്‍ ഒരു ടീം പരമാവധി 10 ഓവര്‍ എങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മത്സരം നടന്നതായി കണക്കാക്കു. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇത് അഞ്ച് ഓവര്‍ വീതമായിരുന്നു. മഴ തടസപ്പെടുത്തിയാല്‍ ആദ്യം ഓവര്‍ കുറച്ചു മത്സരം നടത്താനായിരിക്കും ശ്രമിക്കുക. മത്സരം തുടങ്ങിയ ശേഷം മഴ തടസപ്പെടുത്തിയാല്‍ തിങ്കളാഴ്ച തുടര്‍ന്നു നടത്തും.ടോസ് നടന്നാല്‍ കളി തുടങ്ങിയതായും കണക്കാക്കും. ഓവര്‍ കുറച്ചു മത്സരം നടത്താനും സാധിച്ചില്ലെങ്കില്‍ പിറ്റേ ദിവസം 20 ഓവര്‍ മത്സരം നടത്തും. 13/11/2022 അരമണിക്കൂറാണ് അധിക സമയമായി അനുവദിക്കുക. കരുതല്‍ ദിവസം പ്രാദേശിക സമയം വൈകിട്ട് മൂന്ന് മുതലായിരിക്കും മത്സരം. അന്ന് പരമാവധി നാല് മണിക്കൂര്‍ വരെ അധിക സമയം അനുവദിക്കാന്‍ ഈവന്റ് ടെക്നികല്‍ കമ്മിറ്റി (ഇ.ടി.സി.) തീരുമാനിച്ചു.
കരുതല്‍ ദിവസവും മത്സരം ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ടിനെയും പാകിസ്താനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 2002-03 സീസണിലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെയും ശ്രീലങ്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു. ആദ്യ ദിവസവും കരുതല്‍ ദിവസവും മത്സരം തുടങ്ങിയെങ്കിലും മഴ തടസപ്പെടുത്തി. 2019 ലെ ഏകദിന ലോകകപ്പില്‍ ഒരു മത്സരം രണ്ട് ദിവസമായി നടത്തേണ്ടി വന്നു.ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന സെമി ഫൈനലാണ് രണ്ടു ദിവസമായി നടത്തിയത്. ഈ ലോകകപ്പിലെ മെല്‍ബണില്‍ നടന്ന മൂന്ന് സൂപ്പര്‍ 12 മത്സരങ്ങളെ മഴ ബാധിച്ചിരുന്നു. ന്യൂസിലന്‍ഡ് -അഫ്ഗാനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ്, ഓസ്ട്രേലിയ – ഇംഗ്ലണ്ട് മത്സരങ്ങള്‍ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചതും ഡക്ക്വര്‍ത്ത്/ലൂയിസ് മഴ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

