കേന്ദ്രസർക്കാർ നിയമ കമ്മീഷൻ പുനസംഘടിപ്പിച്ചു : അം​ഗമായി മുൻ കേരള ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരനും.

ന്യൂഡൽഹി : നാല് വർഷത്തിന് ശേഷം കേന്ദ്രസർക്കാർ നിയമ കമ്മീഷൻ പുനസംഘടിപ്പിച്ചു. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയാണ് കമ്മീഷൻ ചെയർമാൻ. കേരള ഹൈക്കോടതി മുൻ ജഡ്ജി കെ ടി ശങ്കരൻ, ആനന്ദ് പലിവാൾ, പ്രൊഫ. ഡി.പി. വർമ്മ, പ്രൊഫ. രാകാ ആര്യ, എം. കരുണാനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ. നവംബർ 9 ന് ചെയർമാനും അംഗങ്ങളും കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സ്ഥാനം ഏറ്റെടുക്കും. ജസ്റ്റിസ് ബി എസ് ചൗഹാൻ നിയമ കമ്മീഷൻ ചെയമർമാൻ സ്ഥാനത്ത് നിന്ന് 2018 ൽ വിരമിച്ചതിന് ശേഷം ലോ കമ്മീഷൻ നിയമനം നടത്തിയിരുന്നില്ല.

നിയമ കമ്മീഷൻ പുനസംഘടിപ്പിക്കുന്നതിലുള്ള കാലതാമസത്തിനെതിരെ സുപ്രീം കോടതിയിൽ നേരത്തെ പൊതുതാൽപര്യ ഹർജി എത്തിയിരുന്നു. ഏകീകൃത സിവിൽ കോഡ് അടക്കം സുപ്രധാന നിയമനിർമ്മാണങ്ങളെ കുറിച്ച് ചർച്ച ഉയരുമ്പോളാണ് പുതിയ നിയമ കമ്മീഷൻ ചുമതലയേൽക്കുന്നതെന്നതും ശ്രദ്ധേയമാണ്. സുപ്രധാന നിയമ നിർമ്മാണങ്ങളിൽ അടക്കം നിയമ കമ്മീഷൻറെ നിലപാട് കേന്ദ്രത്തിനും പ്രധാന്യമുള്ളതാണ്.

കമ്മീഷൻ അംഗമായി എത്തുന്നതിൽ ഒരംഗം മുൻ കേരള ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരനാണ്. 2005 മുതൽ 2016 വരെ കേരള ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു ജസ്റ്റിസ് കെ.ടി ശങ്കരൻ. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ ജസ്റ്റിസ് കെ ടി ശങ്കരൻറെ ജനനം 1954 ഡിസംബർ 25 -നാണ്. ഗവ. ഹൈസ്കൂൾ കുമരനെല്ലൂർ, തൃശൂർ സെൻറ് തോമസ് കോളേജ്, , ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ, സരസ്വതി ലോ കോളേജ്, എന്നിവിടങ്ങളിൽ നിന്ന് വിദ്യഭ്യാസം പൂർത്തിയാക്കി. 1979 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. പിന്നാലെ പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്നു.

1982 ലാണ് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എത്തുന്നത്. സുദീർഘമായ രണ്ട് പതിറ്റാണ്ട് നീണ്ട ഹൈക്കോടതി അഭിഭാഷക ജീവിതത്തിന് പിന്നാലെ 2005 ഫെബ്രുവരിയിൽ കേരള ഹൈക്കോടതിയിൽ ന്യായാധിപനായി നിയമിതനായി. ഹൈക്കോടതി ജഡ്ജിയായിരിക്കെ നിരവധി സുപ്രധാനമായ വിധി പ്രസ്താവങ്ങൾ കെ ടി ശങ്കരൻറെ ബെഞ്ചിൽ നിന്നുണ്ടായി. നെടുംമ്പാശ്ശേരി സ്വർണക്കടത്ത് കേസിൽ കരുതൽ തടങ്കൽ റദ്ദാക്കാൻ പ്രതികളുമായി ബന്ധപ്പെട്ടവർ 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് തുറന്ന കോടതിയിൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ വെളിപ്പെടുത്തിയത് വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ കേസ് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. സംഭവം ഗൗരവത്തോടെ കണ്ട് അന്വേഷിക്കാൻ വിജിലൻസിന് നിർദ്ദേശവും നൽകി. 2016 ഡിസംബർ 25 നാണ് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് കെ ടി ശങ്കരൻ വിരമിക്കുന്നത്. പിന്നീട് , കേരള ജുഡീഷ്യൽ അക്കാദമി ചെയർപേഴ്സണായി സേവനം അനുഷ്ഠിച്ചു. നിയമപഠന രംഗത്ത് നിരവധി സംഭാവനകൾ കെ ടി ശങ്കരൻറെ പേരിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്കും ജഡ്ജിമാർക്കും നിയമപഠനത്തെ കുറിച്ച് നിരവധി ലക്ച്ചറുകൾ രാജ്യത്ത് ഉടനീളം അദ്ദേഹം നടത്തി. നിയമപഠനത്തിൻറെ വിവിധ വിഷയങ്ങളെ കുറിച്ച് സംവദിക്കുന്ന യുട്യൂബ് ചാനലും റിട്ട ജസ്റ്റിസ് കെ ടി ശങ്കരൻ നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →