കഴിഞ്ഞ ദിവസം പുറത്തുവന്നത് രണ്ടാമത്തെ കത്ത് : കത്ത് താൻ തയ്യാറാക്കിയതെല്ലെന്ന് മേയർ പറഞ്ഞെങ്കിലും വ്യാജമാണെന്ന് ഉറപ്പിച്ചില്ല

തിരുവനന്തപുരം: താത്കാലിക തസ്തികകളിലേക്ക് നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യാ രാജേന്ദ്രൻ എഴുതിയതെന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തുവന്നത്, കോർപ്പറേഷൻ നൽകുന്ന രണ്ടാമത്തെ കത്ത്. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുതന്നെയാണ് ആദ്യ കത്തും അയച്ചത്. ഇതിനു മറുപടി കിട്ടാതിരുന്നതോടെയാണ് രണ്ടാമത്തെ കത്തു നൽകിയതെന്ന് കരുതുന്നു.

കോർപ്പറേഷന്റെ ആശുപത്രികളിലെ 295 ഒഴിവുകളിലേക്ക് ഒക്ടോബർ 17-നാണ് കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചത്. ഇതിനുമുമ്പുതന്നെ കോർപ്പറേഷൻ അധികൃതർ പാർട്ടി ജില്ലാ നേതൃത്വത്തെയും വിവരംധരിപ്പിച്ചു. നിയമനപ്പട്ടിക ആവശ്യപ്പെടുകയും ചെയ്തു. പല ഏരിയാകമ്മിറ്റികളിൽനിന്നും ശുപാർശവാങ്ങി ജില്ലാകമ്മിറ്റി സൂക്ഷിച്ചു. നവംബർ മൂന്നുമുതൽ 10 വരെയാണ് ആദ്യം അഭിമുഖം നിശ്ചയിച്ചത്. എന്നാൽ 31വരെയും പാർട്ടിയിൽനിന്നുള്ള പട്ടിക കിട്ടാതെവന്നതോടെ അഭിമുഖം 21 മുതൽ 28 വരെയാക്കി പുനഃക്രമീകരിച്ചു.

ജില്ലാ നേതൃത്വത്തിലെ നേതാക്കൾ തമ്മിലുള്ള തർക്കമാണ് പട്ടിക വൈകാൻ കാരണമെന്നാണ് സംശയം. ഇതോടെയാണ് ഔദ്യോഗികപരിവേഷംനൽകി രണ്ടാമത്തെ കത്തുതയ്യാറാക്കിയത്. ഈ കത്താണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായി വിവാദമായത്. കത്ത് താൻ തയ്യാറാക്കിയതെല്ലെന്ന് മേയർ പറഞ്ഞെങ്കിലും വ്യാജമാണെന്ന് ഉറപ്പിച്ചില്ല.

മേയർ സ്ഥലത്തില്ലാത്തതിനാൽ പാർലമെന്ററി പാർട്ടിയിലെ ഒരുപ്രമുഖൻ നവംബർ ഒന്ന് തീയതിവെച്ച് പുതിയ കത്ത് തയ്യാറാക്കിയെന്നാണ് സൂചന. ഇതുകൊണ്ടാണ് ഇപ്പോഴും കത്ത് വ്യാജമാണെന്ന് സി.പി.എമ്മോ മേയറോ ഉറപ്പിച്ചുപറയാത്തത്. ഇതേ കത്തിനൊപ്പം നിയമനത്തിന് പാർട്ടി തയ്യാറാക്കിയവരുടെ പേരുൾപ്പെട്ട ഒരുഭാഗംകൂടിയുണ്ടായിരുന്നെന്നും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →