തൊടുപുഴ: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെതിരേ കൂടുതല്‍ ആരോപണം. തൊടുപുഴയില്‍ ആറുമാസം മുന്‍പ് വനിതാ ഡോക്ടറെ ആക്രമിച്ചത് സന്തോഷ് ആണോയെന്നാണ് സംശയം. ഇതു സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു. മ്യൂസിയം പോലീസ് സന്തോഷിന്റെ ചിത്രങ്ങള്‍ കൈമാറി.
വാട്ടര്‍ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സന്തോഷ് തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. നിലവില്‍ രണ്ട് കേസുകളില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
തൊടുപുഴയില്‍ 2021 ഡിസംബര്‍ ആറിന് കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറെ കടന്നുപിടിച്ചത് സന്തോഷാണെന്ന സംശയമാണ് ഉയരുന്നത്. ആശുപത്രിയില്‍നിന്ന് താമസസ്ഥലത്തേക്കു പോകുന്നതിനിടെ തൊടുപുഴയിലെ ക്ഷേത്ര പരിസരത്തു വച്ചാണ് ഡോക്ടര്‍ക്കു നേരേ ആക്രമണമുണ്ടായത്. അന്നു തന്നെ ഡോക്ടര്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി. ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍, തിരുവനന്തപുരം സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമാധ്യമങ്ങളില്‍ സന്തോഷിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളാണ് കേസിലെ പ്രതിയെന്ന സംശയം പരാതിക്കാരിക്കുണ്ടായത്. ഇതിനു പിന്നാലെ വിവരം തൊടുപുഴ പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ മ്യൂസിയം സ്‌റ്റേഷനുമായി ബന്ധപ്പെടുകയുമായിരുന്നു.
അതേസമയം, തൊടുപുഴയിലെ ആക്രമണത്തിനു പിന്നില്‍ സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു പറഞ്ഞു. വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ. സി.സി. ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതി മാസ്‌ക് വച്ച് പാതി മുഖം മറച്ചത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. രേഖാചിത്രം വരച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ടാണ് മ്യൂസിയം പോലീസിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഡിവൈ.എസ്.പി. വ്യക്തമാക്കി.

