മുംബൈ: കരുത്തരായ മുംബൈ എഫ്.സിക്കെതിരേ സമനില പിടിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒന്‍പതാം സീസണ്‍ മത്സരത്തില്‍ മുംബൈ സിറ്റിയും എ.ടി.കെ. മോഹന്‍ ബഗാനും 2-2 നു സമനിലയില്‍ പിരിഞ്ഞു. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ കാള്‍ മക്ഹ്യൂഗ് നേടിയ ഗോളാണ് എ.ടി.കെയെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്. ദിമിത്രി പെട്രാറ്റോസിന്റെ ക്രോസ് ഹെഡ് ചെയ്താണു മക്ഹ്യൂഗ് ഗോളടിച്ചത്.
ഗ്രെഗ് സ്റ്റുവര്‍ട്ടിനെ അപകടകരമായി ഫൗള്‍ ചെയ്ത ലെന്നി റോഡ്രിഗസ് 74-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് എ.ടി.കെയെ ഞെട്ടിച്ചിരുന്നു. നാലാം മിനിറ്റില്‍ ലാല്‍ലിയാന്‍സുല ചാങ്തെ മുംബൈയെ മുന്നിലെത്തിച്ചു. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണു ചാങ്തെ ഗോളടിച്ചത്. 47-ാം മിനിറ്റില്‍ ജോണി കൗകോ എ.ടി.കെയെ ഒപ്പമെത്തിച്ചു. ലിസ്റ്റണ്‍ കൊളാകോ മറിച്ചു നല്‍കിയ പന്ത് കൗകോ ഇടംകാലനടിയിലൂടെ വലയിലാക്കി. 72-ാം മിനിറ്റില്‍ റോസ്റ്റിന്‍ ഗ്രിഫിത്സ് മുംബൈയെ മുന്നിലെത്തിച്ചു. ഇടതു മൂലയില്‍ നിന്നുള്ള ക്ലോസ് റേഞ്ച് ഷോട്ടാണു ഗോളായത്. പിന്നാലെ പത്തു പേരായി ചുരുങ്ങിയത് എ.ടി.കെയെ സമ്മര്‍ദത്തിലാക്കി.അഞ്ച് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ മുംബൈ സിറ്റി മൂന്നാമതും നാല് കളികളില്‍നിന്ന് ഏഴ് പോയിന്റുള്ള എ.ടി.കെ. മോഹന്‍ ബഗാന്‍ അഞ്ചാമതുമാണ്. അഞ്ച് കളികളില്‍നിന്നു 13 പോയിന്റുള്ള ഹൈദരാബാദ് എഫ്.സിയാണ് ഒന്നാമത്. ഗോവ നാല് കളികളില്‍നിന്ന് ഒന്‍പത് പോയിന്റുമായി പിന്നാലെയുണ്ട്.

