തിരുവനന്തപുരം: കടുത്തരാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നൽകിയെന്ന പേരിൽ പ്രചരിക്കുന്ന കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തിയത്. നേതാക്കളെയും മുഖ്യമന്ത്രിയെയും കണ്ട് ചർച്ചനടത്തിയശേഷമാണ് പരസ്യപ്രതികരണത്തിന് മേയർ തയ്യാറായത്.പ്രതിപക്ഷപാർട്ടികളുടെ പ്രചാരണവും പൊതുസമൂഹത്തിലെ ചർച്ചകളും പാർട്ടിയെയും മേയറെയും സമ്മർദത്തിലാക്കിയ സാഹചര്യത്തിലാണ്, വിവാദത്തിന്റെ രണ്ടാം ദിവസം പരാതിയുമായി മേയറെത്തിയത്.
പാർട്ടി ജില്ലാനേതൃത്വം ഞായറാഴ്ച ഉച്ചയ്ക്കുശേഷം മേയറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അവിടെ മുതിർന്ന നേതാക്കളോട് ചർച്ച ചെയ്തശേഷമാണ് മേയർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി നൽകിയത്. പിന്നീട് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തുടർന്നായിരുന്നു പത്രസമ്മേളനം. സംഭവത്തിൽ മേയർ നേരിട്ട് പ്രതികരിക്കാനുള്ള തീരുമാനം ഈ ചർച്ചയ്ക്കുശേഷമായിരുന്നു. ഡി.ജി.പി. അനിൽകാന്തും ക്ലിഫ് ഹൗസിലെത്തിയിരുന്നു.
കത്തുകൾ വ്യാജമാണോയെന്ന കാര്യത്തിൽ പാർട്ടിനേതൃത്വത്തിനും മേയർക്കും കൃത്യമായ മറുപടിയുണ്ടായില്ല. കത്ത് വ്യാജമല്ലെന്നും കോർപ്പറേഷനിലെ സംഭവങ്ങൾ ഗവർണറെ അറിയിക്കുമെന്നും ബി.ജെ.പി. വ്യക്തമാക്കി. ഇക്കാര്യമുന്നയിച്ച് 35 ബി.ജെ.പി. കൗൺസിലർമാർ തിങ്കളാഴ്ച ഗവർണറെ കാണും. തിങ്കളാഴ്ച മുതൽ മേയർക്കെതിരേ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷകക്ഷികളുടെ തീരുമാനം.

