ഡോ. സിസ തോമസിന്റെ നിയമനം സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി.സി. നിയമനവും കോടതി കയറും. താത്കാലിക വി.സി.യായി ഗവർണർ നിയമിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോ. ഡയറക്ടർ ഡോ. സിസ തോമസിന്റെ നിയമനം സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ, കോടതിയെ സമീപിക്കാനാണ് സർക്കാർതലത്തിൽ ധാരണ.

മറ്റേതെങ്കിലും സർവകലാശാലയുടെ വി.സി., സാങ്കേതിക സർവകലാശാലയുടെ തന്നെ പി.വി.സി., ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇവരിൽ ആർക്കെങ്കിലും ചുമതല നൽകാമെന്നാണ് നിയമത്തിലെ വ്യവസ്ഥ. പക്ഷേ, ഇതു പാലിക്കപ്പെട്ടില്ല. ഡിജിറ്റൽ സർവകലാശാലാ വി.സി. ഡോ. സജി ഗോപിനാഥിന്റെ പേര് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ, വി.സി. നിയമനം നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർ നോട്ടീസ് നൽകിയവരിൽ അദ്ദേഹവും ഉൾപ്പെടും. അതിനാൽ, നിയമനം നടന്നില്ല. പിന്നീട്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിത റോയിയുടെ പേര് സർക്കാർ ശുപാർശ ചെയ്തു. വി.സി.യായി അക്കാദമിക വൈദഗ്ധ്യം വേണമെന്ന യു.ജി.സി. മാനദണ്ഡം ചൂണ്ടിക്കാട്ടി ഗവർണർ അതു തള്ളി.

സ്വാഭാവികമായും പിന്നീട് നിയമിക്കപ്പെടേണ്ടത് പി.വി.സി.യായിരുന്നു. എന്നാൽ, വി.സി. സ്ഥാനമൊഴിഞ്ഞാൽ പി.വി.സി.യുടെ കാലാവധിയും തീരുമെന്നാണ് ഉന്നയിക്കപ്പെടുന്ന വാദം. പക്ഷേ, ഈ വ്യവസ്ഥ വി.സി.യുടെ കാലാവധി സ്വാഭാവികമായി തീരുന്ന മുറയ്ക്കുമാത്രമേ ബാധകമാവൂവെന്നാണ് മറുവാദം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →