പായിപ്ര പഞ്ചായത്തിൽ അവകാശികൾ ഏറ്റെടുക്കാത്ത വീട് വക്കാൻ അനുവദിച്ച മുഴുവൻ മിച്ചഭൂമികളും തിരിച്ച് പിടിക്കാൻ മുവാറ്റുപുഴ താലൂക്കിൽ നടന്ന താലൂക്ക് സഭയിൽ തീരുമാനമായി. വർഷങ്ങളായി ഭൂമി ലഭിച്ചിട്ടും വീട് വെക്കാനോ താമസം തുടങ്ങാനോ തയ്യാറാകാത്തവരുടെ ഭൂമി തിരിച്ച് പിടിക്കാനാണ് നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി സ്ഥലം ലഭിച്ചവർക്ക് നോട്ടീസ് നൽകുന്നതിന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
പായിപ്രയിലെ പോയാലി മലയുടെ സർവ്വേ നടപടികൾ ഉടൻ പൂർത്തിയാക്കും. ഇതിനായി പുരാവസ്തു വകുപ്പിൽ നിന്നും വിവര ശേഖരണം നടത്തും.
വ്യാപകമായ മയക്കുമരുന്ന് വ്യാപാരം തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് എക്സൈസ് – പൊലിസ് വകുപ്പുകൾക്ക് നിർദേശം നൽകി. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. മോഡൽ ഹൈസ്കൂൾ റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ ട്രാഫിക്ക് പൊലീസിന് യോഗം നിർദ്ദേശം നൽകി.
വിദ്യാർത്ഥികളെ സ്വകാര്യ ബസുകളിൽ കയറ്റുന്നില്ലെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി. വിവിധ പഞ്ചായത്തുകളിലെ എം വി ഐ പി കനാലുകളിലെ കാടുകൾ വെട്ടി വ്യത്തിയാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എം വി ഐ പി കനാൽ ബണ്ട് റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനുള്ള അനുമതി പഞ്ചായത്തുകൾക്ക് നൽകുന്നതിന് എംവിഐപി അധികൃതരോട് ആവശ്യപ്പെട്ടു. എം സി റോഡിലെ വാഴപ്പിളി കവല – പായിപ്ര കവല എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതിന് നപടികൾ തുടങ്ങി.
യോഗത്തിൽ ഡോ.മാത്യു കുഴൽ നാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആർ ഡി ഒ പി എൻ ആനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ .ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വർക്കി, ബിനോ ചെറിയാൻ, ഒ.പി ബേബി, ഷെൽമി ജോസ് , ജോർജ് ഫ്രാൻസീസ് തെക്കേക്കര, ആൻസി ജോസ് , തഹസീൽദാർ കെ എൻ സതീശൻ, എൽ.ആർ.തഹസീൽദാർ അസ്മാ ബീവി, തുടങ്ങിയവർ പങ്കെടുത്തു.

