രാമനാട്ടുകര സേവാമന്ദിരം ഹയർസെക്കണ്ടറി സ്കൂളിൽ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധന ലാബിൽ ജല പരിശോധന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഓരോ വാർഡിൽ നിന്നും 10 ജല സാമ്പിളുകൾ വിവിധ തിയ്യതികളിലായി കൗൺസിലർമാർ മുഖേന ശേഖരിച്ച് 31 വാർഡുകളിലെയും ജലഗുണനിലവാരം വിലയിരുത്താനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
ജലസാമ്പിൾ പരിശോധന നടത്തി ഹരിത ദൃഷ്ടി സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ പരിശോധനാ ഫലവും ശുപാർശകളും ലഭ്യമാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ജല സാമ്പിൾ പരിശോധന, വെബ്സൈറ്റിലേക്ക് വിവരം ചേർക്കൽ എന്നിവ ഉൾപ്പെടെ പൂർണ്ണമായും വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. വരും വർഷങ്ങളിൽ ജലപരിശോധനയ്ക്ക് ആവശ്യമായ കെമിക്കലുകൾ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ പറഞ്ഞു.
പരിപാടിയിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഫ റഫീഖ്, പി ടി നദീറ, വി.എം. പുഷ്പ, പി കെ അബ്ദുൾ ലത്തീഫ് , കൗൺസിലർമാരായ ഹഫ്സൽ, പി.കെ. ഗോപി , അബ്ദുൾ ഹമീദ്, നവകേരളം ആർ.പി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ഇ ബാബു, പ്രിൻസിപ്പാൾ സതീഷ് കുമാർ , പി.ടി.എ പ്രസിഡന്റ് അനിൽകുമാർ , ജെ.എച്ച് ഐമാരായ വിശ്വംഭരൻ , സുരാജ്, കെമിസ്ട്രി അധ്യാപകൻ വിജിൻ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. രാമനാട്ടുകര നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.എം യമുന സ്വാഗതവും, സേവാമന്ദിരം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ കെ വി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

