* ജില്ലാ സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിം മലയോരറാണി പ്രവര്‍ത്തനമാരംഭിച്ചു
ജീവിതശൈലിയിലെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന രോഗങ്ങളില്‍ നിന്നുമുള്ള മോചനത്തിന് വ്യായാമം ആവശ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ ഓപ്പണ്‍ ജിമ്മായ മലയോരറാണിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനികരിച്ച് ജില്ലാ സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ ഓപ്പണ്‍ ജിമ്മിന്റെ പ്രാധാന്യമേറുമെന്നും മന്ത്രി പറഞ്ഞു.
ഓപ്പണ്‍ ജിമ്മിലേക്ക് ആവശ്യമായ അഞ്ച് ഉപകരണങ്ങള്‍ ജെസിഐ പത്തനംതിട്ട ക്വീന്‍സാണ് 4.75 ലക്ഷം രൂപ വിനിയോഗിച്ച് പരിശീലനത്തിനായി നല്‍കിയത്. ആരോഗ്യ മേഖലയ്ക്ക് കൈതാങ്ങേകാന്‍ ജെസിഐ പത്തനംതിട്ട ക്വീന്‍സിന്റെയും പത്തനംതിട്ട നഗരസഭയുടെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഓപ്പണ്‍ ജിം പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട നഗരസഭയുടെ പദ്ധതിയുമായി സഹകരിച്ചാണ് ഓപ്പണ്‍ ജിമ്മിന് തുടക്കമിട്ടത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ് ഓപ്പണ്‍ ജിമ്മിന്റെ നടത്തിപ്പ് ചുമതല.
ജിം ഉപകരണങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈനും ജിമ്മിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാറും നിര്‍വഹിച്ചു. ജെസിഐ പത്തനംതിട്ട ക്വീന്‍സ് പ്രസിഡന്റ് ആന്‍ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ അന്തര്‍ദേശീയ ഫുട്ബോള്‍ താരം കെ.ടി. ചാക്കോ, ജെസിഐ ഭാരവാഹികളായ രമ്യ കെ.തോപ്പില്‍, ചിത്ര വിനോദ്, ലീതു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.