കുഞ്ഞിന്റെ ജന്മം തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി

കൊച്ചി: ഗര്‍ഭിണിയായി കുഞ്ഞിനു ജന്മം നല്‍കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് ഹൈക്കോടതി.പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതില്‍ സ്ത്രീക്കുള്ള അവകാശം നിയന്ത്രിക്കാനാവില്ല. സ്ത്രീക്കുള്ള ഈയൊരു അവകാശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ജസ്റ്റീസ് വി.ജി അരുണ്‍ പറഞ്ഞു.

ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരമുള്ള മൗലികാവകാശമാണ് അത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി, 23 വയസുള്ള വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. സഹപാഠിയുമായി, സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും എന്നാല്‍ ഫലപ്രദമായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ആര്‍ത്തവപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വൈകിയാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് യുവതി പറഞ്ഞു. ഇരുപത്തിനാല് ആഴ്ച പിന്നിട്ടതിനാല്‍ ആശുപത്രികള്‍ ഗര്‍ഭഛിദ്രത്തിനു തയാറാവുന്നില്ല. കൂട്ടുകാരന്‍ ഉന്നതപഠനത്തിനായി വിദേശത്തു പോയി. കുട്ടിക്കു ജന്മം നല്‍കുക എന്നു തീരുമാനിച്ചു മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്. തന്റെ പഠനത്തെ ബാധിക്കുന്ന സ്ഥിതിയാണെന്നും യുവതി ബോധിപ്പിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത കോടതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുമതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →