മുംബൈ: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുംബൈയിലെ ജെ.ജെ. ആശുപത്രിയില്‍ 132 വര്‍ഷം പഴക്കമുള്ള തുരങ്കം കണ്ടെത്തി.ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച തുരങ്കമാണിത്. 200 മീറ്റര്‍ നീളമുള്ള തുരങ്കത്തി-ന്റെ തറക്കല്ലില്‍ 1890 എന്ന് കുറിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകള്‍ പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ അടിയിലാണ് തുരങ്കം കണ്ടെത്തിയത്. ഈ കെട്ടിടം പിന്നീട് നഴ്സിങ് കോളജിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. ആശുപത്രി വളപ്പിനുള്ളില്‍ തന്നെയാണ് കെട്ടിടം. വെള്ളം ചോരുന്നെന്നു പരാതി വന്നപ്പോഴാണ് അധികൃതര്‍ നഴ്സിങ് കോളജ് കെട്ടിടത്തില്‍ പരിശോധനക്കെത്തിയത്. പി.ഡബ്ല്യു.ഡി. എന്‍ജിനീയര്‍മാരും സെക്യൂരിറ്റി ഗാര്‍ഡുകളുമൊക്കെ ഇതില്‍ പങ്കെടുത്തു.ഇതിനിടെയാണ് 1890 എന്ന് രേഖപ്പെടുത്തിയ തറക്കല്ല് കണ്ടെത്തുന്നത്. തൊട്ടുതാഴെയായി അടിത്തറപോലെ എന്തോ ഒന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു. പിന്നാലെ, കൂടുതല്‍ തെരച്ചിലായി.കൂടുതല്‍ ആഴത്തിലേക്കു ചെന്നപ്പോഴാണ് തുരങ്കം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

