ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റികോ ലൂയിസ്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ റികോ ലൂയിസിന്. 17 വര്‍ഷവും 346 ദിവസമുള്ളപ്പോഴാണു താരം ഗോളടിച്ചത്.സ്പാനിഷ് ക്ലബ് സെവിയയ്ക്കെതിരേ നടന്ന ജി ഗ്രൂപ്പ് മത്സരത്തിലാണു റികോ ലൂയിസ് റെക്കോഡിട്ടത്. റയാല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കാരിം ബെന്‍സൈമ 2005 ല്‍ കുറിച്ച റെക്കോഡാണു പഴങ്കഥയായത്. ലിയോണിനെതിരേ നടന്ന മത്സരത്തില്‍ ഗോളടിക്കുമ്പോള്‍

ബെന്‍സൈമയുടെ പ്രായം 17 വര്‍ഷവും 352 ദിവസവുമായിരുന്നു.
പരുക്കേറ്റു പുറത്തായ കെയ്ല്‍ വാല്‍ക്കറിനു പകരമാണു ലൂയിസ് കളത്തിലെത്തിയത്. സ്വന്തം തട്ടകമായ എതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റി 3-1 നു ജയിച്ചു. ലൂയിസിനെ കൂടാതെ ജൂലിയന്‍ അല്‍വാരസ്, റിയാസ് മഹ്റസ് എന്നിവരും ഗോളടിച്ചു. റാഫാ മിറാണു സെവിയയ്ക്കു വേണ്ടി ഗോളടിച്ചത്. 31-ാം മിനിറ്റില്‍ മിറിലൂടെ സെവിയ മുന്നിലെത്തി. ഈ ലീഡ് ഒന്നാം പകുതിയില്‍ നിലനിര്‍ത്താനും അവര്‍ക്കായി. 52-ാം മിനിറ്റിലാണു ലൂയിസിന്റെ റെക്കോഡ് തകര്‍ത്ത ഗോളിന്റെ വരവ്. അല്‍വാരസിലൂടെ 73-ാം മിനിറ്റില്‍ സിറ്റി ലീഡ് നേടി. കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കേ മഹ്റസിലൂടെ സിറ്റി ജയവും ഉറപ്പാക്കി.

മത്സരത്തിന്റെ 60 ശതമാനം സമയത്തും പന്ത് സിറ്റി താരങ്ങളുടെ പക്കലായിരുന്നു. പെപ് ഗാഡിയോളയുടെ ശിഷ്യന്‍മാര്‍ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു. ആറ് കളികളില്‍നിന്നു 14 പോയിന്റ് നേടിയ അവര്‍ ഒന്നാംസ്ഥാനത്താണ്. ഒന്‍പത് പോയിന്റ് നേടിയ ജര്‍മന്‍ ബോറുസിയ ഡോര്‍ട്ട്മുണ്ട് രണ്ടാംസ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എച്ച് ഗ്രൂപ്പില്‍നിന്ന് ബെനഫിക്കയും പാരീസ് സെയിന്റ് ജെര്‍മെയ്നും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇരുടീമുകളും 14 പോയിന്റ് വീതം നേടി. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ബെനഫിക ഒന്നാമതും പി.എസ്.ജി. രണ്ടാമതുമായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിനെ 2-1 നു തോല്‍പ്പിച്ചാണു പി.എസ്.ജി. മുന്നേറിയത്. ടൂറിനില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബിനു വേണ്ടി കിലിയന്‍ എംബാപ്പെയും നൂനോ മെന്‍ഡസും ഗോളടിച്ചു. കളി തുടങ്ങി 13-ാം മിനിറ്റില്‍ പി.എസ്.ജി. എംബാപ്പെയിലൂടെ ലീഡ് നേടി. ലയണല്‍ മെസി നല്‍കിയ പാസ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നു തൊടുത്താണ് എംബാപ്പെ ഗോളടിച്ചത്. സ്വന്തം തട്ടകത്തില്‍ ഒരു ഗോള്‍ മടക്കാന്‍ യുവെയ്ക്കായി.

39-ാം മിനിറ്റില്‍ ലിയനാഡോ ബൊണൂചിയിലൂടെ അവര്‍ മറുപടി പറഞ്ഞു. കൊഡ്രാഡോയുടെ ഒരു ഗോള്‍ ശ്രമം ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡൊന്നരുമ്മ തടഞ്ഞെങ്കിലും റീബൗണ്ട് ബൊണൂചിയിലൂടെ ഗോളായി. 69-ാം മിനിറ്റില്‍ നുനോ മെന്‍ഡസ് വിജയ ഗോളടിച്ചു. ബെനഫിക പി.എസ്.ജിയെ എവേ ഗോളുകളുടെ ബലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.മകാബി ഹൈഫയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിക്കാനായത് ബെനഫിക്കയ്ക്ക് തുണയായി. ഒന്നാം പകുതിയിലെ ഇടര്‍ച്ചയില്‍നിന്ന് രണ്ടാം പകുതിയില്‍ ജയത്തിലേക്കു തിരിച്ച ഇം ിഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറും ജര്‍മന്‍ ക്ലബ് ഐന്ത്രാഷ് ഫ്രാങ്ക്ഫര്‍ട്ടും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഡി മത്സരങ്ങളുടെ ഒന്നാം പകുതിയില്‍ ഫ്രഞ്ച് ക്ലബ് മാഴ്സൈയും പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ടിങ് ലിസ്ബണുമായിരുന്നു വിജയ സാധ്യത. ഇഞ്ചുറി ടൈം ഗോളില്‍ മാഴ്സെയെ 2-1നു തോല്‍പിച്ച് ടോട്ടനവും അതേ സ്‌കോറിനു ലിസ്ബണ്‍ ക്ലബ്ബിനെ തോല്‍പിച്ച് ഐന്ത്രാഷും നോക്കൗട്ടിലെത്തി.ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനെ 2-1 നു തോല്‍പിച്ച് പോര്‍ചുഗീസ് ക്ലബ് എഫ്.സി. പോര്‍ട്ടോ ഒന്നാം സ്ഥാനക്കാരായി. ബയേര്‍ ലെവര്‍കൂസനും ക്ലബ് ബ്രൂഗും ഗോള്‍രഹിത സമനിലയില്‍ തൃപ്തരായി. ഗ്രൂപ്പ് എയില്‍ ഇറ്റാലിയന്‍ ക്ലബ് നാപ്പോളിക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനക്കാരായ ഇം ിഷ് ക്ലബ് ലിവര്‍പൂളിനോട് 2-0 ന് ഇറ്റാലിയന്‍ ക്ലബ് തോല്‍വി വഴങ്ങി. മുഹമ്മദ് സലാ, ഡാര്‍വിന്‍ ന്യൂനസ് എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകളടിച്ചത്. ഇ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സാല്‍സ്ബര്‍ഗിനെ 4-0 ത്തനു തോല്‍പ്പിച്ച് എ.സി. മിലാന്‍ രണ്ടാം സ്ഥാനക്കാരായി. പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയാണ് ഒന്നാമന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →