മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ 135 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് തകര്‍ന്ന തൂക്കുപാലത്തില്‍ പല തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. 2020-ല്‍ പാലം നവീകരിച്ച ഒറേവ ഗ്രൂപ്പ് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പാലം തുറന്നു നല്‍കാന്‍ ആലോചിച്ചിരുന്നതായും രേഖകള്‍.തങ്ങളുടെ കരാര്‍ പുതുക്കുകയും അറ്റകുറ്റപ്പണികളുടെയും പാലം മാനേജ്മെന്റിന്റെയും ചുമതല സ്ഥിരമായി നല്‍കുകയും ചെയ്തില്ലെങ്കില്‍ ”താത്കാലികമായി നന്നാക്കിയ” പാലം തുറക്കുമെന്ന് 2020 ഓഗസ്റ്റില്‍ ഒറേവ ഗ്രൂപ്പ് മോര്‍ബി കലക്ടര്‍ക്കു കത്തെഴുതിയിരുന്നു. 2001-ലെ ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച പാലത്തിന്റെ അറ്റകുറ്റപ്പണി, സുരക്ഷ എന്നിവയുടെ കരാര്‍ ഒറേവയുടെ മാതൃകമ്പനിയായ അജന്ത ഗ്രൂപ്പിന് നല്‍കിയിരുന്നു. 2008-ല്‍ ഒറെവ ഗ്രൂപ്പ് ഇത് നന്നാക്കി 10 വര്‍ഷത്തേക്കു തുറന്നുകൊടുത്തു. 2018-ല്‍ അവരുടെ കാലാവധി അവസാനിച്ചു. അതിനുശേഷം പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിവരുന്ന ചെലവുകള്‍ക്കായി ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നു കമ്പനി ആവശ്യപ്പെട്ടു. ഈ ആവശ്യം മോര്‍ബി നഗരസഭ നിരസിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ടു വര്‍ഷത്തോളം പാലം അടച്ചിടുകയും ചെയ്തു. 2022 ഫെബ്രുവരിയില്‍ നഗരസഭ, ഒറെവയുമായി സ്ഥിരം കരാര്‍ ഒപ്പുവച്ചു. പാലം തകര്‍ന്ന സംഭവത്തില്‍ ഒമ്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
യോഗ്യതയില്ലാത്ത കരാറുകാരാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. പാലം തകര്‍ന്നത് ദൈവവിധിയെന്നായിരുന്നു പ്രതികളില്‍ ഒരാളുടെ അഭിഭാഷകന്‍ കോടതിയില്‍ പ്രതികരിച്ചത്. അതിനിടെ, സംഭവത്തില്‍ ഇതുവരെ 135 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇനി ആരെയെങ്കിലും കണ്ടെത്താനുള്ളതായി വിവരമില്ല. എങ്കിലും കണ്‍ട്രോള്‍ റൂമുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കാണാതായിട്ടുണ്ടെന്ന പരാതിയുണ്ടെങ്കില്‍ തെരച്ചിലിനു സന്നദ്ധമാണെന്നും മോര്‍ബി ജില്ലാ കലക്ടര്‍ അറിയിച്ചു.

