സണ്‍ ഹ്യൂങ് ലോകകപ്പില്‍ കളിക്കില്ല

സിയോള്‍: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനു തയാറെടുക്കുന്ന ദക്ഷിണ കൊറിയയ്ക്ക് കനത്ത തിരിച്ചടി. കണ്ണിനു പരുക്കേറ്റ നായകന്‍ സണ്‍ ഹ്യൂങ് മിന്നിനു ലോകകപ്പില്‍ കളിക്കാനാകാത്തതാണ് തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെ താരമാണ് സണ്‍.

ടോട്ടനവും ഫ്രഞ്ച് ക്ലബ് മാഴ്സെയും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണു കൊറിയന്‍ താരത്തിനു പരുക്കേറ്റത്. ചാന്‍സല്‍ എംബെമ്പയുമായി പന്തിനായി മത്സരിക്കുന്നതിനിടെ കൂട്ടിയിടിച്ചാണു സണ്ണിന്റെ ഇടതു കണ്ണിനു പരുക്കേറ്റത്. കാഴ്ചയ്ക്കു തടസം നേരിട്ട താരം മെഡിക്കല്‍ ടീമിന്റെ സഹായത്തോടെയാണു കളിക്കളം വിട്ടത്. കണ്ണിനു നേരിയ പൊട്ടലുണ്ടെന്നും പൂര്‍വ സ്ഥിതിയിലാക്കാന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ടോട്ടനം അധികൃതര്‍ പിന്നീട് അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം താരത്തിന് ആഴ്ചകളുടെ വിശ്രമം വേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ ലോകകപ്പിലെ ആദ്യ മത്സരം 24 നു യുറുഗ്വേക്കെതിരേയാണ്. എച്ച് ഗ്രൂപ്പില്‍ പോര്‍ചുഗല്‍, ഘാന എന്നിവര്‍ക്കൊപ്പമാണു ദക്ഷിണ കൊറിയയും യുറുഗ്വേയും. പത്ത് ലോകകപ്പുകളില്‍ പങ്കെടുത്ത രാജ്യമാണു ദക്ഷിണ കൊറിയ. ജപ്പാനൊപ്പം സംയുക്തമായി നടത്തിയ 2002 ലോകകപ്പില്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തതാണു ദക്ഷിണ കൊറിയയുടെ ഏറ്റവും മികച്ച പ്രകടനം. 2018 ലോകകപ്പില്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ടീം ലോകകപ്പില്‍ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടും സണ്ണിന്റേതായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കാമറൂനെതിരേ നടന്ന മത്സരത്തിലും സണ്‍ ഗോളടിച്ചിരുന്നു. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണില്‍ 23 ഗോളുകളടിക്കാനും ദക്ഷിണ കൊറിയന്‍ താരത്തിനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →