കൊച്ചി: സ്വര്‍ണക്കടത്തുകേസ് വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഹര്‍ജി നാളെ തീര്‍പ്പാക്കുമെന്നു ഒടുവില്‍ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിത് ഈ മാസം എട്ടിനു വിരമിക്കുന്നതിനാല്‍, ഇനി കേസ് മാറ്റിവയ്ക്കാന്‍ സാധ്യതയില്ല. വിരമിക്കുംമുമ്പ് ഇ.പി.എഫ്, ഇ.ഡബ്ല്യു.എസ്. ഉള്‍പ്പെടെ സുപ്രധാന കേസുകളില്‍ അദ്ദേഹം വിധി പറയാനിരിക്കുകയാണ്.
ഇ.ഡിയുടെ കേസില്‍ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണു സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്. അദ്ദേഹവുമായാണു അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞാഴ്ച ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇ.ഡിയുടെ മറുപടി സത്യവാങ്മൂലത്തിനു മറുപടി നല്‍കേണ്ടതുണ്ട്.
സര്‍ക്കാരിനു അഭിമാനപ്രശ്‌നമെന്ന നിലയിലാണു മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കിയത്. സംസ്ഥാനത്തു കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെക്കുറിച്ചു പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിഷന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ ആറു മാസത്തേക്കു നീട്ടി നല്‍കിയിരുന്നു. ഇതിനെ ഇ.ഡി. ചോദ്യംചെയ്തിട്ടുണ്ട്. ഇക്കാര്യം സുപ്രീം കോടതി അനുവദിച്ചാല്‍, സര്‍ക്കാരിനു കനത്ത തിരിച്ചടിയാകും. ബി.ജെ.പി. ഭരിയ്ക്കുന്ന കര്‍ണാടകയിലേക്കു വിചാരണ മാറ്റുന്നതു രാഷ്ട്രീയപ്രേരിതമാണെന്നാണു സര്‍ക്കാരിന്റെയും പ്രതി എം. ശിവശങ്കറിന്റെയും ആക്ഷേപം. ഈ സാഹചര്യത്തില്‍ വിചാരണ മറ്റൊരു അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കു മാറ്റുന്നതില്‍ സുപ്രീം കോടതി കക്ഷികളുടെ നിലപാട് ആരായാന്‍ സാധ്യതയുണ്ട്.