ഷാരോണ്‍ മരിച്ചത് കേരളത്തില്‍വച്ച്: കേസ് അന്വേഷിക്കാന്‍ തടസമില്ല

കൊച്ചി: പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. കേസ് തമിഴ്‌നാട് പോലീസിന് കൈമാറേണ്ടതില്ല.

ഷാരോണിന്റെ കാമുകിയും പ്രതിയുമായ ഗ്രീഷ്മയുടെ വീടുള്ള രാമവര്‍മന്‍ചിറ തമിഴ്‌നാട്ടിലായതിനാല്‍, കേസ് തമിഴ്‌നാട് പോലീസിനു കൈമാറണോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണുനിയമോപദേശം തേടിയത്. ഷാരോണിന്റെ മരണം കേരളത്തിലെ ആശുപത്രിയിലായതിനാല്‍, കേസ് അന്വേഷിക്കാന്‍ തടസമില്ലെന്നാണു നിയമോപദേശം ലഭിച്ചത്.

ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലെ പളുകല്‍ സ്‌റ്റേഷന്‍ പരിധിയിലാണ്. കേരള അതിര്‍ത്തിയില്‍നിന്നു മീറ്ററുകള്‍ മാത്രം അകലെ. ഷാരോണിന്റെ വീട് കേരളത്തിലും. ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണു ഗൂഢാലോചനയും കൊലപാതക ശ്രമവും നടന്നത്. ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു ക്ഷണിച്ചാണു കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതെന്നാണു പ്രതികളുടെ മൊഴി. കുറ്റകൃത്യം നടന്നതു അവിടെയായതിനാല്‍, തമിഴ്‌നാട് പോലീസാണു അന്വേഷിക്കേണ്ടതെന്ന വാദമാണുയര്‍ന്നത്.

പ്രതിയും ഇരയും രണ്ടു സംസ്ഥാനങ്ങളുടെ പരിധിയിലായതിനാല്‍, തുടരന്വേഷണത്തിനും പ്രോസിക്യൂഷന്‍ നടപടികള്‍ക്കും നിയമപ്രശ്‌നമുണ്ടോ എന്നതും ഇതുവരെയുള്ള തെളിവെടുപ്പും പ്രതികളുടെ മൊഴികളും പ്രോസിക്യൂഷന്‍ വിഭാഗം പരിശോധിച്ചു.

ഗ്രീഷ്മയുടെ വീടിനു പരിസരത്തു നിന്നാണു വിഷക്കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനാണു വിഷക്കുപ്പി പോലീസിനു കാണിച്ചുകൊടുത്തത്. ഷാരോണും ഗ്രീഷ്മയും ജ്യൂസ് കുടിക്കുന്ന സ്ഥലവും തമിഴ്‌നാട്ടിലാണ്. ഇതൊന്നും അന്വേഷണം കൈമാറാന്‍ മതിയായ കാരണമല്ലെന്നാണു പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.
ഷാരോണിന്റെ മരണത്തില്‍ പാറശാല പോലീസിലാണു പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നീടു ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.തമിഴ്‌നാട് പോലീസും കേരള പോലീസില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം കൈമാറണമെങ്കില്‍ ഇരു സംസ്ഥാനത്തെയും പോലീസ് മേധാവികള്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ മാസം 14 -നാണു ഷാരോണ്‍ പെണ്‍സുഹൃത്ത് നല്‍കിയ കഷായവും ജ്യൂസും കുടിക്കുന്നത്. 25നു തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചു മരണത്തിനു കീഴടങ്ങി. അതിനിടെ, തമിഴ്‌നാട്ടിലേക്കു മാറ്റി കേസന്വേഷണം അട്ടിമറിക്കാനാണു നീക്കമെന്ന് ആരോപണമുയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →