ബംഗളുരു: ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയും മറ്റൊരു മഠത്തിലെ സ്വാമിയും. ലിംഗായത്ത് മഠത്തിന്റെ എതിരാളികളായ കന്നൂര്‍ മഠത്തിലെ സ്വാമി മൃത്യുഞ്ജയയാണ് പിടിയിലായത്. ഇയാളും വിദ്യാര്‍ഥിനിയും ചേര്‍ന്നാണ് ബസവലിംഗയെ തേന്‍കെണിയില്‍ കുടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.
കര്‍ണാടകയിലെ കാഞ്ചുഗല്‍ ബണ്ടെയിലുള്ള മഠത്തിലെ പ്രാര്‍ഥനാമുറിയില്‍ കഴിഞ്ഞ 24-ാണ് സ്വാമി ബസവലിംഗ(45)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കേ ന്ദീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്വാമി മൃത്യുഞ്ജയയും പെണ്‍കുട്ടിയും പിടിയിലായത്. സ്വാമിയുമായി സൗഹൃദം സ്ഥാപിച്ച വിദ്യാര്‍ഥിനി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ബസവലിംഗയുമായി പെണ്‍കുട്ടി വീഡിയോ കോളില്‍ സംസാരിച്ചിരുന്നത്. സ്വാമി മൃത്യുഞ്ജയയുടെ അറിവോടെയായിരുന്നു ഇത്. തുടര്‍ന്ന് സ്വാമി ബസവലിംഗയുടെ നഗ്‌നദൃശ്യങ്ങള്‍ പെണ്‍കുട്ടി പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും വന്‍തുക ബസവലിംഗയില്‍നിന്നു കൈക്കലാക്കി.
കാഞ്ചുഗല്‍ ബണ്ടെ മഠാധിപതി സ്ഥാനം ഒഴിയണമെന്നു മൃത്യുഞ്ജയ ആവശ്യപ്പെട്ടതോടെ സ്വാമി ബസവലിംഗ മാനസിക സമ്മര്‍ദത്തിലായി. അതിനിടെ, സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ മുരുക മഠത്തിലെ സ്വാമി ശിവമൂര്‍ത്തി മുരുക അറസ്റ്റിലായതോടെ ബസവലിംഗ കടുത്ത സമ്മര്‍ദത്തിലായി. ഇതിനു പിന്നാലെ താനും അറസ്റ്റിലാകുമെന്നും അദ്ദേഹം ഭയന്നു. ഇതേത്തുടര്‍ന്നാണ് ബസവലിംഗ ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. കാഞ്ചുഗല്‍ ബണ്ടെ മഠാധിപതിയാകാന്‍ സ്വാമി മൃത്യുഞ്ജയ ആഗ്രഹിച്ചിരുന്നതായും ഇതാണ് തേന്‍കെണിയൊരുക്കാന്‍ കാരണമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

