ഹിമാചലില്‍ ഉപാധ്യക്ഷനെ പുറത്താക്കി ബി.ജെ.പി.

സിംല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ വിമതശല്യം നേരിടാന്‍ കടുത്ത നടപടിയുമായി ബി.ജെ.പി. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനടക്കമുള്ളവര്‍ക്ക് സസ്പെന്‍ഷന്‍.

കുളു മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഉപാധ്യക്ഷന്‍ രാം സിങ്ങിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കാണു സസ്പെന്‍ഡ് ചെയ്തത്. മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാര്‍ഥി നരോത്തം താക്കൂറിനെതിരേയാണ് രാം സിങ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്കുശേഷവും മത്സരരംഗത്തു തുടര്‍ന്നതോടെയാണ് സിങ്ങിനെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നേതൃത്വം അനുനയനീക്കങ്ങള്‍ നടത്തിയെങ്കിലും സിങ് വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കാശ്യപാണ് സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചത്.

നിയമസഭയിലേക്കു മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാതെ വന്ന അതൃപ്തരായ നേതാക്കള്‍ വിമതരായി മത്സരിക്കുന്നത് ബി.ജെ.പിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങുമെന്നു പ്രഖ്യാപിച്ച നാല് മുന്‍ എം.എം.എമാരെയും ഒരു എം.പിയെയും കഴിഞ്ഞദിവസം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.ഇതിനുപിന്നാലെയാണ് സംസ്ഥാന ഉപാധ്യക്ഷനെത്തന്നെ സസ്പെന്‍ഡ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →