തിരുവനന്തപുരം: സർവകലാശാലാ വിഷയങ്ങളിൽ സർക്കാരുമായി കൊമ്പുകോർത്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരായ പ്രത്യക്ഷ സമരപരിപാടികൾക്ക് ഇടതുമുന്നണി 02/11/2022 ന് തുടക്കം കുറിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയുള്ള സെമിനാറാണ് ഇന്ന് നടക്കുക. എ.കെ.ജി ഹാളിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. .
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള എൽ.ഡി.എഫിന്റെ മുൻനിര നേതാക്കൾ പങ്കെടുക്കും. കൺവീനർ ഇ.പി. ജയരാജൻ സ്വാഗതം പറയും. കൺവെൻഷനിൽ വിദ്യാഭ്യാസ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
2022 നവംബർ പത്തിന് മുമ്പായി ജില്ലാതലങ്ങളിലും 12ന് മുമ്പായി സർവകലാശാലാ, കാമ്പസ് തലങ്ങളിലും പ്രതിഷേധ കൺവെൻഷനുകൾ ചേരും. 15ന് രാജ്ഭവൻ മാർച്ച് ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള ശക്തിപ്രകടനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്ഭവൻ മാർച്ചിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന

