മൂന്നാർ: മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ നാലുദിവസം തുടർന്ന ആദ്യപക്ഷിസർവേ സമാപിച്ചു. സർവേയിൽ 174 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ വംശനാശ ഭീഷണി നേരിടുന്ന 11 ഇനങ്ങളും പശ്ചിമഘട്ടത്തിൽ മാത്രമുള്ള 21 ഇനങ്ങളും ഉൾപ്പെടുന്നു.
ഒക്ടോബർ 22 മുതൽ 24 വരെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ് ക്യാമ്പുകളിലായിരുന്നു സർവേ. സമുദ്രനിരപ്പിൽ നിന്ന് 150 അടി മുതൽ 7000 അടി വരെയുള്ള പ്രദേശങ്ങളിലെ വനങ്ങൾ, പുൽമേടുകൾ, ചോലക്കാടുകൾ തുടങ്ങിയിടങ്ങളിലായിരുന്നു നിരീക്ഷണം.
മൂന്നാർ ഡി.എഫ്.ഒ. രാജു കെ.ഫ്രാൻസിസ്, പക്ഷിനിരീക്ഷകരായ പ്രേംചന്ദ് രഘുവരൻ, കൗസ്തുഭ് കെ.എൻ., ശ്രീഹരി കെ.മോഹൻ, വെള്ളാനിക്കര കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്രകോളേജ് ഡീൻ നമീർ പി.ഒ., പക്ഷിശാസ്ത്രജ്ഞനായ പ്രവീൺ ജെ. എന്നിവർ നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ 50 പക്ഷിനിരീക്ഷകരും ഉണ്ടായിരുന്നു.
മരപ്രാവ് (വൾണറബിൾ നീലഗിരിവുഡ് പീജിയൺ), മലവരമ്പൻ (നീലഗിരി പിപ്പിറ്റ്), വെള്ളവയറൻ ഷോലക്കിളി (വൈറ്റ് ബെല്ലീഡ് ഷോളക്കിളി), കോഴിവേഴാമ്പൽ (മലബാർ ഗ്രേ ഹോൺ ബിൽ), പോതക്കിളി (ബ്രോഡ് ടെയിൽഡ് ഗ്രാസ് ബേർഡ്), വടക്കൻ ചിലുചിലപ്പൻ (നിയർ ത്രെറ്റൻഡ്), ചാരത്തലയൻ ബുൾബുൾ (ലാഫിങ് ത്രഷ് ഗ്രേ ഹെഡഡ് ബുൾബുൾ), കരിച്ചെമ്പൻ പാറ്റപിടിയൻ (ബ്ലാക്ക് ആന്റ് ഓറഞ്ച് ഫ്ളൈ കാച്ചർ), നീലക്കിളി പാറ്റപിടിയൻ (നീലഗിരി ഫ്ളൈ കാച്ചർ), മേനിപ്രാവ് (ഗ്രീൻ ഇംപീരിയൽ പീജീയൺ), ചെമ്പൻ എറിയൻ (റൂഫസ് ബെല്ലീഡ് ഈഗിൾ)എന്നിവയാണ് വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ
ചിന്നക്കുയിലും കഴുത്തുപിരിയൻകിളിയും കേരളത്തിൽ ദേശാടനത്തിന് എത്തുന്നവയാണ്. ചിന്നക്കുയിലിനെ അപൂർവമായി മാത്രമേ കേരളത്തിൽ കണ്ടെത്തിയിട്ടുള്ളൂ.

