എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാ ദിവസവും ഹാജരാകണമെന്ന് ഹൈക്കോടതി

എറണാകുളം: ലൈംഗിക പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാ ദിവസവും ഹാജരാകാണമെന്ന് ഹൈക്കോടതി നിര്‍ദേശം. കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. എന്നും രാവിലെ ഒമ്പത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഇടക്കാല ഉത്തരവ്. കേസില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി അടുത്ത ആഴ്ച കോടതി വീണ്ടും പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്.കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ദീര്‍ഘകാലത്തെ ബന്ധത്തിനിടയില്‍ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. പ്രാഥമിക അന്വേഷണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →