സൂരജ്കുണ്ഡ്: രണ്ടു വര്‍ഷത്തിനകം മുഴുവന്‍ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഓഫീസ് ഉറപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാ നിയമ (ഐ.പി.സി)വും ക്രിമിനല്‍ നടപടി ചട്ട (സി.ആര്‍.പി.സി) വും കാലോചിതമായി പരിഷ്‌കരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി.ഹരിയാനയിലെ സൂരജ്കുണ്ഡില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ആഭ്യന്തര സെക്രട്ടറിമാരുടെയും ദ്വിദിന ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഭീകരവിരുദ്ധനീക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യവുമായി അന്വേഷണ ഏജന്‍സികള്‍ക്ക് വിശാലാധികാരങ്ങള്‍ നല്‍കി നിര്‍ണായക മാറ്റത്തിനു കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടതായി അദ്ദേഹം പറഞ്ഞു. യു.എ.പി.എയില്‍ ഉള്‍പ്പെടെ വരുത്തിയ വ്യതിയാനങ്ങളുടെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ കരുത്തുറ്റതായിട്ടുണ്ട്. ഭീകരരുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതിനടക്കമുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കു െകെവന്നു. ഭീകരവിരുദ്ധ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലുംഎന്‍.ഐ.എയ്ക്ക് ഒരു ഓഫീസ് ഉറപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2024-ല്‍ ഇതു സാധ്യമാക്കാനുള്ള തയാറെടുപ്പിലാണു കേന്ദ്ര സര്‍ക്കാരെന്നും ഷാ പറഞ്ഞു.
സി.ആര്‍.പി.സിയിലും ഐ.പി.സിയിലും കാലോചിത പരിഷ്‌കാരത്തിനായി വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഇതിനായി ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. സമീപഭാവിയില്‍ത്തന്നെ പാര്‍ലമെന്റില്‍ ഇതിനായി കരടുബില്‍ അവതരിപ്പിക്കുമെന്നും ഷാ വ്യക്തമാക്കി.

