മാഡ്രിഡ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്ത്. സി ഗ്രൂപ്പ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് 3-0 ത്തിനു തോറ്റതോടെയാണ് മുന്‍ ചാമ്പ്യന്‍മാര്‍ പുറത്തായത്.മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ വിക്ടോറിയ പ്ലാസാനെ 4-0 ത്തിനു തോല്‍പ്പിച്ചതും ബാഴ്സയ്ക്കു തിരിച്ചടിയായി. അഞ്ച് കളികളില്‍ നിന്ന് 15 പോയിന്റ് നേടിയ ബയേണ്‍ മ്യൂണിക്ക് ഒന്നാമത് ഫിനിഷ് ചെയ്തു. പത്ത് പോയിന്റ് നേടിയ ഇന്റര്‍ മിലാന്‍ രണ്ടാമതായി. അഞ്ച് കളികളില്‍ നിന്ന് നാലു പോയിന്റാണ് ബാഴ്സയുടെ നേട്ടം.
ബാഴ്സയുടെ അവസാന പ്രതീക്ഷ ഇന്റര്‍ മിലാനും വിക്ടോറിയ പ്ലാസനും തമ്മിലുള്ള മത്സരമായിരുന്നു. സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തിന്റെ ഒന്നാം പകുതിയില്‍ തന്നെ ബാഴ്സ രണ്ട് ഗോള്‍ വഴങ്ങി. കളിയുടെ പത്താം മിനിറ്റില്‍ സെര്‍ജി നാബ്റി നല്‍കിയ ഒരു ത്രൂ സാഡിയോ മാനെ ലക്ഷ്യത്തിലാക്കി. 31-ാം മിനിറ്റില്‍ ചോപ മോടിങിലൂടെ ബയേണ്‍ രണ്ടാം ഗോളടിച്ചു. 87-ാം മിനിറ്റില്‍ ബെഞ്ചമിന്‍ പാവാഡിലൂടെ ബയേണ്‍ മൂന്നാം ഗോളുമടിച്ചു. നവംബര്‍ രണ്ടിനു നടക്കുന്ന എവേ മത്സരത്തില്‍ ബാഴ്സലോണ വിക്ടോറിയ പ്ലാസാനെ നേരിടും.

