കോഹ്‌ലി ഐ.സി.സി. റാങ്കിങ്ങില്‍ വീണ്ടും ആദ്യ പത്തില്‍

ദുബായ്: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ട്വന്റി-20 ബാറ്റര്‍മാരുടെ ഐ.സി.സി. റാങ്കിങ്ങില്‍ വീണ്ടും ആദ്യ പത്തില്‍. ട്വന്റി-20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ പാകിസ്താനെതിരേ 53 പന്തില്‍ 82 റണ്ണടിച്ച മാസ്മരിക പ്രകടനം കോഹ്‌ലിയെ(635) ബാറ്റര്‍മാരില്‍ ഒന്‍പതാം സ്ഥാനത്തെത്തിച്ചു. കഴിഞ്ഞ റാങ്കിങ്ങില്‍ 14-ാം സ്ഥാനത്തായിരുന്നു കോഹ്‌ലി. ഇന്ത്യക്കെതിരായ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 849 റേറ്റിങ് പോയിന്റാണ് റിസ്വാന്റെ സമ്പാദ്യം. ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയാണു രണ്ടാം സ്ഥാനത്ത്. സൂപ്പര്‍-12 ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ബാറ്റിങ് വെടിക്കെട്ടാണ് കോണ്‍വെയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. 58 പന്തില്‍ പുറത്താകാതെ 92 റണ്ണാണ് മത്സരത്തില്‍ കോണ്‍വേ നേടിയത്. റിസ്വാന് 18 റേറ്റിങ് പോയിന്റ് പിന്നിലാണ് കോണ്‍വേ. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്(828), പാകിസ്താന്റെ ബാബര്‍ അസം(799) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം(762) അഞ്ചാം സ്ഥാനത്തേക്കു വീണു.

ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡി(699)നെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍(702) പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ താബ്രെയ്‌സ് ഷംസി, അഫ്ഗാന്റെ മുജീബുര്‍ റഹ്മാന്‍, ശ്രീലങ്കയുടെ മഹീഷ് തീക്ഷണ എന്നിവരാണ് അഞ്ചുവരെ സ്ഥാനങ്ങളില്‍. പത്താം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ആദ്യപത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →