കണ്ണൂര്‍: ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കേണ്ടതു തന്നെ നിയമിച്ചവരെന്നു കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. ”എന്നെ നിയമിച്ചത് ഞാന്‍ തന്നെയല്ല. നിയമനം നടത്തുമ്പോള്‍ കേരളത്തില്‍ പോലും ഞാനുണ്ടായിരുന്നില്ല. പിന്നെ എന്തു മറുപടിയാണു നല്‍കേണ്ടത്”- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
”ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നോട്ടീസിനു മറുപടി നല്‍കും. പക്ഷേ, എന്ത് എഴുതണമെന്ന് അറിയില്ല. സെര്‍ച്ച് കമ്മിറ്റിയില്ലാതെ മുമ്പും നിയമനം നടന്നിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തും അങ്ങനെയായിരുന്നു. അതു തുടര്‍ന്നു പോരുകമാത്രമാണ് ഇവിടെയും ചെയ്തത്. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടു വന്ന സുപ്രീം കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയ്ക്കും ബാധകമാവുമെന്നാണ് കരുതുന്നത്.
എല്ലാ വി.സിമാരെയും പുറത്താക്കുമെന്നു പറയുന്നതില്‍ ഗവര്‍ണര്‍ക്കു രാഷ്ട്രീയതാല്‍പര്യമുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സര്‍വകലാശാലയില്‍നിന്ന് ഇപ്പോള്‍ അവധിയിലാണ്. ഒരു മാറ്റം വേണം. പുറത്താക്കിയാല്‍ പോകും. ഉന്നത വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ തലവന്മാരെ മാറ്റുന്നത് വിദ്യാഭ്യാസത്തിന് വലിയ തിരിച്ചടിയാണ്”-അദ്ദേഹം പറഞ്ഞു.