ശബരിമല: തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 25ന് അയ്യപ്പന്നിധിയില്‍ വിശേഷാല്‍ പൂജ നടന്നു. പുലര്‍ച്ചെ അഞ്ചിനു നടതുറന്നു നിര്‍മ്മാല്യവും അഭിഷേകവും പതിവു പൂജകളും നടത്തി. കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവന്ന നെയ്യാണ് അഭിഷേകത്തിന് ഉപയോഗിച്ചത്.
തുടര്‍ന്നു നമസ്‌കാര മണ്ഡപത്തില്‍ കളഭപൂജ നടന്നു. ഉച്ചപൂജയ്ക്കു മുമ്പായി പരമ്പരാഗത വാദ്യഘോഷങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെ ബ്രഹ്മകലശവും കളഭം വഹിച്ചു കൊണ്ടുള്ള സ്വര്‍ണകുംഭങ്ങളും ഘോഷയാത്രയായി എത്തിച്ചു. ഉച്ചയ്ക്ക് 12.15 നു കളഭാഭിഷേകവും കലശാഭിഷേകവും നടന്നു. ആട്ട ചിത്തിര പൂജകളുടെ ഭാഗമായി പുഷ്പാഭിഷേകം, പടിപൂജ എന്നിവയുമുണ്ടായിരുന്നു. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.വൈകിട്ട് 5.14 മുതല്‍ 6.23 വരെ സൂര്യഗ്രഹണമായിരുന്നതിനാല്‍ അതിനുശേഷം നട തുറന്നു ശുദ്ധി ക്രിയകള്‍ നടത്തി. പിന്നാലെ ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു. രാത്രി 10 നു ഭഗവത് വിഗ്രഹത്തില്‍ ഭസ്മവും രുദ്രാക്ഷവും യോഗദണ്ഡും ധരിപ്പിച്ചു ഹരിവരാസനം പാടി നടയടച്ചു. ഇനി അടുത്ത മാസം 16 നു െവെകിട്ട് അഞ്ചിനു മണ്ഡല മഹോത്സവത്തിനു നട തുറക്കും.