ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരം കനത്ത മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതില്‍ അമ്പയര്‍ക്കെതിരേ വിമര്‍ശനവുമായി സിംബാബ്‌വേ കോച്ച് ഡേവ് ഹൂട്ടന്‍. ബെല്ലറീവ് ഓവലില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായതോടെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേയ്ക്ക് അഞ്ചിന് 79 റണ്ണെന്ന നിലയില്‍ ഇന്നിങ്‌സ് നിര്‍ത്തേണ്ടി വന്നു.
മഴ മൂലം മത്സരം ഒന്‍പത് ഓവറാക്കിയിരുന്നു. ഡക്ക്‌വര്‍ത്ത്/ലൂയിസ് മഴ നിയമപ്രകാരം ഏഴ് ഓവറില്‍ 64 റണ്ണായിരുന്നു ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്. അവര്‍ മൂന്ന് ഓവറില്‍ 51 റണ്ണെന്ന നിലയില്‍ നില്‍ക്കേ കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു.
ക്വിന്റണ്‍ ഡി കോക്ക് (18 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 47), നായകന്‍ തെംബ ബാവുമ (രണ്ട് പന്തില്‍ രണ്ട്) എന്നിവര്‍ ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കേയാണു മഴയെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്‌വേയ്ക്കും ഒരു പോയിന്റ് വീതം ലഭിച്ചു. സിംബാബ്‌വേയ്ക്കു വേണ്ടി വെസ്‌ലി മാധ്‌വീറെ (18 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 35) മികച്ച ബാറ്റിങ് പുറത്തെടുത്തു. നനഞ്ഞു കിടന്ന ഔട്ട് ഫീല്‍ഡില്‍ തെന്നി വീണ് പേസര്‍ റിച്ചാഡ് എന്‍ഗാരാവേയ്ക്കു പരുക്കേറ്റതായി ഡേവ് ഹൂട്ടന്‍ പറഞ്ഞു.
മഴ ഉറപ്പായിട്ടും കളി തുടരാനുള്ള അമ്പയര്‍മാരുടെ തീരുമാനത്തെയാണു ഹൂട്ടന്‍ വിമര്‍ശിച്ചത്. പ്രതികൂല സാഹചര്യത്തിലാണു താരങ്ങള്‍ കളിച്ചതെന്നു ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറും പറഞ്ഞു. ഉറച്ച ജയം മഴ മൂലം നഷ്ടമായതിന്റെ നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.

