സുപ്രീം കോടതി വിധിയോടെ വിസിമാരുടെ നിയമനം അസാധുവായെന്ന് ഗവർണർ

തിരുവനന്തപുരം: രാജി നൽകാത്ത ഒമ്പത് വൈസ് ചാൻലർമാർക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. എന്തു കൊണ്ട് രാജിനൽകിയില്ല എന്ന് ഉടൻ അറിയിക്കണമെന്നാണ് ആവശ്യം. 2022 നവംബർ മൂന്നിനുള്ളിൽ മറുപടി നൽകണമെന്നാണ് കാരണം കാണിക്കൽ നോട്ടിസിലെ നിർദേശം. സുപ്രീം കോടതി വിധിയോടെ വിസിമാരുടെ നിയമനം അസാധുവായെന്ന് ഗവർണർ പറഞ്ഞു.

അതേസമയം രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചു. വി.സിമാരുടെ ഹർജിയിൽ ഇന്ന് (25.10.2022)നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി പരിഗണിക്കും. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സിമാർ. 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളി. ഇതുവരെ ഒരു സർവകലാശാല വി.സിയും രാജിവെച്ചില്ല. എറണാകുളം ഗസ്റ്റ് ഹൗസിൽ വി.സിമാരുടെ അടിയന്തര യോഗം ചേർന്നു. വി.സിമാർ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതിനായി കേരള, കണ്ണൂർ, കാലിക്കറ്റ് മലയാളം സർവകലാശാലയിലെ വി.സിമാർ കൊച്ചിയിൽ എത്തി. ഇവരുടെ സ്റ്റാൻഡിങ് കൗൺസിലർമാരെല്ലാം കൊച്ചിയിലാണുള്ളത്.

സംസ്ഥാനത്തെ ഒമ്ബത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുന്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച്‌ കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്ബത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →