ബാഴ്സലോണ: വിയ്യാറയലിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്സലോണ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഗോള്‍ നേട്ടത്തോടെ ഒരു അപൂര്‍വ റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. കരിയറില്‍ 600 ഗോള്‍ എന്ന അപൂര്‍വ നേട്ടമാണ് വിയ്യാറയലിനെതിരായ ആദ്യ ഗോള്‍ നേട്ടത്തോടെ ലെവന്‍ഡോവ്സ്‌കി സ്വന്തമാക്കിയത്.ഈ നൂറ്റാണ്ടില്‍ 600 ഗോള്‍ തികച്ചവരില്‍ സാക്ഷാല്‍ റൊണാള്‍ഡോയും മെസിയും മാത്രമേ ഇനി സജീവ ഫുട്ബോളര്‍മാരില്‍ ലെവന്‍ഡോവ്സ്‌കിക്ക് മുന്നിലുള്ളൂ. വിയ്യാറയലിനെതിരായ മത്സരത്തില്‍ 31-ാം മിനിട്ടില്‍ നേടിയ ആദ്യ ഗോളിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ 35-ാം മിനിട്ടില്‍ രണ്ടാം ഗോളും താരം സ്വന്തമാക്കി. മത്സരത്തില്‍ ബാര്‍സ 3-0ന് വിജയിച്ചിരുന്നു. അന്‍സു ഫാറ്റിയാണ് ബാഴ്സയുടെ മറ്റൊരു ഗോള്‍ നേടിയത്.ഈ സീസണിലാണ് താരം ബാഴ്സയിലേക്ക് എത്തിയത്. നേരത്തെ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ താരമായിരുന്ന ലെവന്‍ഡോവ്‌സ്‌കി ഇവിടെ നിന്നാണ് കരിയറിലെ പകുതിയിലേറെ ഗോളുകളും സ്വന്തമാക്കിയത്. 375 മത്സരങ്ങളില്‍ 344 ഗോളുകളാണ് താരം ബയണ്‍ മ്യൂണിക്കില്‍ നിന്ന് സ്വന്തമാക്കിയത്. ബൊറൂസിയ ഡോര്‍ട്മുണ്ടിനു വേണ്ടി 187 കളികളില്‍ 103 ഗോളുകള്‍ നേടി.