2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ 22ന് തുടക്കം

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന 2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ 22ന് തുടക്കം. സിഡ്നിയില്‍ നടക്കുന്ന ആദ്യ മത്സരത്തല്‍ ആതിഥേയരായ ഓസ്ട്രേലിയ ചിരവൈരികളായ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം 12.30 ക്കാണ് മത്സരം.

കഴിഞ്ഞ തവണത്തെ ലോകകപ്പ് ഫൈനലില്‍ ഓസീസിന്റെ പക്കല്‍ നിന്നേറ്റ തോല്‍വിക്കു പകരം വീട്ടാനാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്. യുഎഇയില്‍ നടന്ന കഴിഞ്ഞ ഫൈനലില്‍ എട്ടു വിക്കറ്റിന് കിവീസിനെ തോല്‍പിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയത്. ഇത്തവണത്തെ ടി20 ലോകകപ്പിനു തൊട്ടുമുമ്പ് നടന്ന പരമ്പരയിലും ഓസ്ട്രേലിയ കിവീസിനെ തകര്‍ത്തുവിട്ടിരുന്നു. ഫോമിന്റെയും ഫിറ്റ്നസിന്റെയും പ്രശ്നങ്ങള്‍ രണ്ട് ടീമുകളെയും അലട്ടുന്നുണ്ട്. ഇരു ടീമിന്റെയും ക്യാപ്റ്റന്മാരായ ആരോണ്‍ ഫിഞ്ചും കെയിന്‍ വില്യംസണും മികച്ച ഫോമില്‍ അല്ലെന്ന് പറയേണ്ടി വരും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ 98 റണ്‍സിന് മുഴുവന്‍ വിക്കറ്റും നഷ്ടപ്പെട്ട് കിവീസ് കനത്ത തോല്‍വി വഴങ്ങിയിരുന്നു.

ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.മറുവശത്ത് ആതിഥേയരെ പരുക്കിന്റെ ആശങ്കകള്‍ പിന്തുടരുകയാണ്. മിച്ചല്‍ മാര്‍ഷും മാര്‍ക്കസ് സ്റ്റോയിനിസും പരുക്കില്‍ നിന്ന് മോചിതരായെങ്കിലും പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 യില്‍ ഫീല്‍ഡിങിനിടെ കഴുത്തിന് പരുക്കേറ്റ ഡേവിഡ് വാര്‍ണര്‍ നാളെ കിവീസിനിതിരെ കളത്തിലിറങ്ങും.പരുക്കേറ്റ റിസര്‍വ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനു പകരം കാമറൂണ്‍ വൈറ്റ് ടീമിലിടം പിടിച്ചത് ഓസീസിന് കരുത്തു പകരുന്നു. സമീപകാല മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ ഗ്രീന്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.ടി20യില്‍ നേര്‍ക്കുനേര്‍ കണക്കുകളിലും ഓസീസിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 15 തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം കംഗാരുക്കള്‍ക്കൊപ്പമായിരുന്നു. അഞ്ചു തവണയാണ് കിവികള്‍ക്ക് ജയിക്കാനായത്.

Share
അഭിപ്രായം എഴുതാം