തിരുവനന്തപുരം: പുന്നപ്ര വയലാര്‍ സമര നായകനും മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ നൂറിന്റെ നിറവില്‍. മലയാളിയുടെ പ്രിയങ്കരനായ നേതാവിന് 99ാമത് ജന്മദിനം പ്രമാണിച്ച് പ്രത്യേകം ആഘോഷങ്ങളില്ല.
ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് വി എസ്. അണുബാധ ഇല്ലാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി പി ഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു ജനനം. 1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായത്.90 വയസ്സ് വരെ നിത്യവും യോഗ, നടത്തം എന്നിവയൊക്കെ ശീലമാക്കിയിരുന്നു. ഇതുമൂലം കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും അലട്ടിയിരുന്നില്ല. പോരാട്ടത്തിന്റെ നാളുകളില്‍ ക്രൂരമായ പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങിയ ആ ദേഹം, സമരതീക്ഷണമായ യൗവനത്തിന്റെ കരുത്തോടെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു.
2019 ലാണ് വി എസ് അവസാനമായി പൊതു പരിപാടിയില്‍ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തില്‍ വിഎസ് പങ്കെടുത്തിരുന്നു. അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പൂര്‍ണവിശ്രമത്തിലാണ് വി എസ് .

