കൊച്ചി: വാഹനാപകടത്തില്പ്പെട്ടയാള് മദ്യപിച്ചിരുന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ബൈക്ക് യാത്രികനായ തൃശൂര്‍ സ്വദേശി ഷിബു ടൂറിസ്റ്റ് ബസ് ഇടിച്ചു മരണമടഞ്ഞ കേസിലാണ് കോടതിവിധി. ബൈക്ക് യാത്രികന് മദ്യപിച്ചു വാഹനമോടിച്ചതുമൂലമാണ് അപകടമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി നല്കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണമായതെങ്കില്മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരത്തുക 15 ദിവസത്തിനുള്ളില്‍ ആശ്രിതര്‍ക്കു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. നിശ്ചിത സമയത്ത് തുക നല്‍കിയില്ലെങ്കില്‍ ഒന്‍പതു ശതമാനം പലിശ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യത്തിന്റെ സ്വാധീനം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. കുറച്ചു മദ്യം കഴിച്ചയാള്‍ കൂടുതല്‍ ഉപയോഗിച്ചയാളേക്കാള്‍ ലഹരിയിലായിരിക്കും. ഇത് ഓരോരുത്തരുടെയും ആരോഗ്യത്തെയും ശേഷിയെയും ആശ്രയിച്ചാണ്. അതിനാല്‍ ഇക്കാര്യത്തില്‍ നിശ്ചിതമായ മാനദണ്ഡം സ്വീകരിക്കാനാകില്ല”-കോടതി ചൂണ്ടിക്കാട്ടി.2009 മേയ് 19 നുണ്ടായ അപകടത്തില്‍ മരിച്ച ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരനായ തൃശൂര്‍ സ്വദേശി ഷിബുവിന്റെ ആശ്രിതര്‍ക്കു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം അര്‍ഹമായ ഏഴു ലക്ഷം രൂപ നല്‍കാനുള്ള ഉത്തരവിനെതിരേ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്കിയ അപ്പീലാണ് കോടതി തള്ളിയത്.എതിര്‍വശത്തു നിന്ന് മറ്റൊരു വാഹനത്തെ മറികടന്നുവന്ന ടൂറിസ്റ്റ് ബസ്, ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്കെച്ചില്‍ ബൈക്ക് യാത്രക്കാരന് തന്റെ വശത്തുതന്നെയാണു വാഹനം ഓടിച്ചതെന്നു വ്യക്തമായിരുന്നു.അശ്രദ്ധയോടെ ബസ് ഓടിച്ചതിനു ബസ് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു.എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്ത-രാസപരിശോധനാ റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തില്‍ അനുവദനീയമായതില്‍ അധികം മദ്യമുള്ളതായി കണ്ടെത്തി. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി.

