കേച്ചേരി: തൃശ്ശൂര്‍ കേച്ചെരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ഡീസലൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പട്ടിക്കര രായ്മരക്കാര്‍ വീട്ടില്‍ സഹദാണ് (28) മരിച്ചത്. പിതാവ് സുലൈമാനെ (50) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.മകനെ അടുക്കളയുടെ പിറകുവശത്തെ ഒഴിഞ്ഞ ഭാഗത്ത് കൊണ്ടുവന്നിരുത്തിയ സുെലെമാന്‍ അല്‍പ്പം മാറി നിന്ന് ഡീസല്‍ മകന്റെ ദേഹത്ത് ഒഴിച്ചശേഷം തീ കൊടുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇതിനുശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കരച്ചില്‍കേട്ട് വീടിനകത്ത് നിന്ന് ഓടിവന്ന സഹദിന്റെ ഉമ്മ സെറീന മകന്‍ തീപ്പൊള്ളലേറ്റ് പിടയുന്നതാണ് കണ്ടത്. ഉമ്മയുടെ നിലവിളിയും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ച ശേഷം ഗുരുതരമായി പൊള്ളലേറ്റ സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുെലെമാന്‍ – സെറീന ദമ്പതികളുടെ മൂത്ത മകനാണ് സഹദ്. സഹോദരിമാരായ തനൂജ, തസ്നി എന്നിവര്‍ ഭര്‍ത്തൃവീടുകളിലാണ് താമസം. പട്ടിക്കരയിലെ വീട്ടില്‍ സുെലെമാനും സെറീനയും സഹദും സെറീനയുടെ വൃദ്ധയായ മാതാവ് സെഫിയയുമാണു താമസിക്കുന്നത്. സുെലെമാന്‍ മുമ്പ് ബാഗ് നിര്‍മാണ ജോലിക്ക് പോയിരുന്നു. കുറച്ചു കാലം പട്ടിക്കര മുസ്ലിം പള്ളിയില്‍ സഹായിയായി നിന്നിരുന്നു. ഇപ്പോള്‍ ജോലിയില്ല. ഭാര്യ സെറീനയും ജോലിക്ക് പോകുന്നില്ല. സെറീനയുടെ വൃദ്ധമാതാവ് സെഫിയ പണിക്ക് പോകാറുണ്ട്.ഭിന്ന ശേഷിക്കാരനായ സഹദിനെ പിതാവ് സുെലെമാന്‍ മുമ്പും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. മുമ്പ് പരസഹായത്തോടെ പിടിച്ചുനടന്നിരുന്ന സഹദിനെ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയായിരുന്നു നിലവില്‍.രണ്ടുദിവസം മുമ്പ് തന്നെ മകനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ സുെലെമാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഡീസല്‍ വാങ്ങി സൂക്ഷിച്ചിരുന്നു. സുെലെമാനെ ഉച്ചയോടെ പട്ടിക്കരമണലി പരിസരത്ത് നിന്നാണു കസ്റ്റഡിയിലെടുത്തത്. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍ ഉള്‍പ്പെട്ട പോലീസ് സംഘവും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

