സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ലഹരി മുക്ത കേരള പരിപാടിയായ സുമുക്തിയുടെ ജില്ലാതല ഉദ്ഘാടനം കെ.ജെ മാക്സി എം.എല്‍.എ നിര്‍വ്വഹിച്ചു. ഫോര്‍ട്ട് കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കൊച്ചി നഗരസഭാ കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. മട്ടാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവൻറീവ് ഓഫീസര്‍ കെ.കെ അരുണ്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ലഹരി മുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 16 മുതല്‍ 25 വരെ നിരവധി പരിപാടികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്. എക്സൈസ്, ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍വുമണ്‍(സാഫ്) ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
യോഗത്തില്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ വി.എ ശ്രീജിത്ത്, ഷീബ ലാല്‍, കൗണ്‍സിലര്‍ ഇസ്മുദ്ദീൻ, ഫിഷറീസ് വകുപ്പ് ജോ.ഡയറക്ടര്‍ എം.എസ് സാജു, ഡെപ്യൂട്ടി ഡയറക്ടര്‍ മാജ ജോസ്, ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ബി .സുനുകുമാര്‍, മത്സ്യ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളായ കെ.എല്‍ സേവ്യര്‍, ആന്റണി ഷീലൻ, എ.സി ക്ലാരൻസ് തുടങ്ങിയവര്‍ പങ്കെടുത്തു.