എടപ്പാള്‍: വാഹനപരിശോധനക്കിടെ മലപ്പുറം ചങ്ങരംകുളം പോലീസിന് നേരെ കൈയേറ്റവും അസഭ്യവര്‍ഷവും നടത്തിയത് തൃത്താലയില്‍ എസ്.ഐയെയും പോലീസുകാരെയും പൂട്ടിയിട്ടു തല്ലിയതടക്കം പതിനെട്ടോളം കേസുകളില്‍ പ്രതിയായ അമ്പതുകാരന്‍. മലപ്പുറം ചങ്ങരംകുളത്ത് വാഹന പരിശോധനക്കിടെ പോലീസിനെ അസഭ്യം പറയുകയും എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിയായ പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)യെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ കുറ്റിപ്പാലയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ചങ്ങരംകുളം എസ്.ഐ. ഖാലിദ്, സി.പി.ഒ. രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഹെല്‍മറ്റില്ലാതെ വന്ന പ്രതിയെ പോലീസ് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിക്കുകയും രേഖകള്‍ ഒന്നുമില്ലാതിരുന്ന ബൈക്കിനു പിഴ അടയ്ക്കണമെന്നു പറഞ്ഞതോടെ പ്രകോപിതനായ ഷാജി പോലീസിനു നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പിന്നീട് പോലീസുകാരെ അക്രമിക്കുകയും ബൈക്കെടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. തൃത്താലയില്‍ വാറണ്ട് കേസില്‍ പിടികൂടാന്‍ ചെന്ന മുന്‍ കുറ്റിപ്പുറം എസ്.ഐയെയും പോലീസുകാരെയും മുറിയില്‍ പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസില്‍ പ്രതിയാണ് പിടിയിലായ ഷാജിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

